thrissur local

വടക്കേ ബസ്സ്റ്റാന്റ് നവീകരണം എസ്‌ഐബിക്ക്; പരിപാലനം കോര്‍പറേഷന്

തൃശൂര്‍: വടക്കേ ബസ് സ്റ്റാന്റ് സൗത്ത് ഇന്ത്യന്‍ ബാങ്ക് നവീകരിക്കും. എന്നാല്‍ പരിപാലനം കോര്‍പ്പറേഷന്‍ ഏറ്റെടുക്കും. പ്രതിപക്ഷ പ്രതിഷേധത്തേതുടര്‍ന്നാണ് ഈ തീരുമാനം. കോര്‍പ്പറേഷന്‍ സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ അഞ്ചരകോടി രൂപ ചിലവാക്കിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ബസ്സ്റ്റാന്റ് നവീകരിക്കുക.
നവീകരിച്ച ബസ്സ്റ്റാന്റിന്റെ 10 വര്‍ഷത്തെ പരിപാലനം കൂടി ബാങ്കിനെ ഏല്‍പ്പിക്കുന്നതിന്നായിരുന്നു ആദ്യ പദ്ധതി നിര്‍ദ്ദേശം. പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് അതൊഴിവാക്കി. ബസ് സ്റ്റാന്റ് പ്രദേശത്ത് പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനും ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ എടിഎം കൗണ്ടര്‍, ബാങ്ക് ബ്രാഞ്ച് എന്നിവക്കുപുറമെ കെട്ടിടത്തിലെ സ്ഥലം ഹോട്ടല്‍, കാന്റീല്‍ തുടങ്ങീ കമ്മേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്ക് വാടകക്കു നല്‍കാനുള്ള അവകാശം കൂടി ബാങ്കിന് നല്‍കാനായിരുന്ന ആദ്യനിര്‍ദ്ദേശം. ഒരു പരസ്യ ഏജന്‍സിയാണീ പദ്ധതിക്ക് പിന്നിലെന്നും അഴിമതിയാണ് ഈ ഇടപാടിലെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് പരസ്യാവകാശം ഒഴിവാക്കി പരിപാലനം ബാങ്കിനെ ഏല്‍പ്പിക്കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തതും വിവാദമായിരുന്നു.
55 അംഗ കൗണ്‍സിലിലെ കോണ്‍ഗ്രസ്-ബിജെപി പ്രതിപക്ഷത്തെ 29 അംഗങ്ങളുടെ എതിര്‍പ്പിനെ മാനിക്കാതെ ബഹളത്തിനിടയില്‍ വിഷയം പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ഇടപാടിനുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. സിഎസ്ആര്‍ പദ്ധതിയില്‍ നിര്‍മ്മാണം നടത്താനല്ലാതെ പരിപാലനാവകാശം ഏറ്റെടുക്കാന്‍ ബാങ്കിനവകാശമില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ യോഗത്തില്‍ കൗണ്‍സില്‍ മുന്‍ തീരുമാനം മാറ്റിയതായി വ്യക്തമാക്കി മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി പുതിയ നയം പ്രഖ്യാപിച്ചത്. ബസ് സ്റ്റാന്റ് നവീകരിച്ച് ബാങ്ക് കോര്‍പ്പറേഷന് നല്‍കുമെന്നും ബാങ്കിന്റെ ഒരു ബോര്‍ഡ് വെക്കുന്നതിനും രണ്ട് എടിഎം കൗണ്ടറുകള്‍ക്കും ഒരു ബ്രാഞ്ചിനുമുള്ള സ്ഥലം മാത്രം ബാങ്കിന് നല്‍കുമെന്നും പരിപാലനമുള്‍പ്പടെ മറ്റൊരവകാശവും ബാങ്കിനുണ്ടാകില്ലെന്നും കണ്ടംകുളത്തി വ്യക്തമാക്കി. സിഎസ്ആര്‍ പദ്ധതിയില്‍ ഫലേച്ഛ പാടില്ലെന്ന വ്യവസ്ഥയുണ്ടെങ്കില്‍ എടിഎമ്മിനും ബ്രാഞ്ചിനും സ്ഥലം അനുവദിക്കുന്നതും പരിശോധിക്കുമെന്നും വര്‍ഗ്ഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. സിഎസ്ആര്‍ പദ്ധതിയില്‍ ബാങ്കിന്റെ സഹായം വാങ്ങുന്നതില്‍ തങ്ങള്‍ക്കൊരു എതിര്‍പ്പുമില്ലെന്നും ഇടപാടില്‍ സുതാര്യത ഇല്ലാതിരുന്നതിനെയാണ് തങ്ങള്‍ എതിര്‍ത്തതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ബിനി ടൂറിസ്റ്റ് ഹോം തിരിച്ചെടുത്ത് വ്യാപാരസമുച്ചയമാക്കി കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ വാടകക്ക് നല്‍കുന്ന കാര്യം പരിശോധിക്കാന്‍ യോഗം ഏകകണ്ഠമായ തീരുമാനമെടുത്തു. 40 വര്‍ഷമായി ബിനി ടൂറിസ്റ്റ് ഹോം സ്വകാര്യവ്യക്തികളുടെ കൈവശത്തിലാണ്. എട്ട് ലക്ഷത്തോളം രൂപയാണ് പ്രതിമാസവാടക. 2012ല്‍ 10 വര്‍ഷത്തേക്ക് ബിനി വാടകക്ക് നല്‍കിയത് അന്ന് വന്‍ വിദഗ്ദമായിരുന്നു. അന്നത്തെ എല്‍ഡിഎഫ് പ്രതിപക്ഷവും യുഡിഎഫിലെ ഏഴംഗങ്ങളും തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നടപടിയില്‍ ക്രമക്കേടുള്ളതായി കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി ഉള്‍പ്പടെ ഭരണപക്ഷവും ആരോപണം ഉന്നയിച്ചു. ബിനി നടത്തിപ്പ് വന്‍ നഷ്ടത്തിലാണെന്ന് ലൈസന്‍സിയും കോര്‍പ്പറേഷനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ ബിനി തിരിച്ച് പിടിച്ച വ്യാപാരസമുച്ചയമാക്കി ടെണ്ടര്‍ ക്ഷണിച്ച് വാടകക്ക് നല്‍കണമെന്ന് എ പ്രസാദും, പി കൃഷ്ണന്‍ മാസ്റ്ററും ഉന്നയിച്ച നിര്‍ദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് നിയമോപദേശം തേടി നടപടിക്കാണ് തീരുമാനം. ഇന്നുള്ളതിന്റെ പത്തിരട്ടി വരുമാനം വ്യാപാര സമുച്ചയമാക്കിയാല്‍ കോര്‍പ്പറേഷന് ലഭിക്കുമെന്ന് പ്രസാദ് ചൂണ്ടികാട്ടി.
Next Story

RELATED STORIES

Share it