Alappuzha local

വടക്കേ അങ്ങാടിക്കവല വികസന പദ്ധതി പുനരാരംഭിക്കും

ചേര്‍ത്തല: ചേര്‍ത്തല വടക്കേ അങ്ങാടിക്കവലാ വികസന പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തിനകം ആരംഭിക്കുമെന്ന് ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ ഐസക്ക് മാടവന അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ മൂന്നര കോടി അനുവദിച്ചിട്ടും നടപടികള്‍ പൂര്‍ത്തിയാവാത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭാ ചെയര്‍മാന്‍ കലക്ടറുമായി ചര്‍ച്ച നടത്തിയത്. ഹരിപ്പാട് മെഡിക്കല്‍ കോളജിനുള്ള സ്ഥലമെടുപ്പിന് സ്ഥലം ഏറ്റെടുക്കല്‍ വിഭാഗം തിരക്കിലായതിനാലാണ് കാലതാമസം നേരിട്ടത്. ഇക്കാര്യത്തില്‍ പരിഹാരം കണ്ട് ഇവിടത്തെ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാമെന്ന് കലക്ടര്‍ അറിയിച്ചതായും ഐസക്ക് മാടവന പറഞ്ഞു. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ജോസഫ്, ബി ഫൈസല്‍ ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം ചേര്‍ത്തല വടക്കേ അങ്ങാടിക്കവല വികസനത്തിന് ഇനി സ്ഥലെമെടുപ്പു നടപടികളാണ് പൂര്‍ത്തിയാവാനുള്ളത്. പുറമ്പോക്കു കൂടാതെ 24 സെന്റാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍ ഇതിലുള്ള കെട്ടിടങ്ങള്‍ എത്രത്തോളം പൊളിച്ചുമാറ്റണമെന്ന വിവരശേഖരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാമെന്ന് പൊതുമരാമത്തു വകുപ്പധികൃതരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാപാരികളുടെ പുനരധിവാസ പാക്കേജ് സംബന്ധിച്ച് ഉറപ്പ് ലഭിക്കാത്തതിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ രംഗത്ത് വരികയായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ചേര്‍ത്തലയുടെ വികസനത്തില്‍ നാഴിക കല്ലായി പദ്ധതി മാറുമെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ തിങ്ങിഞെരുങ്ങിയ കവലയില്‍ ഗതാഗതക്കുരുക്കും അനുബന്ധ പ്രശ്‌നങ്ങളും നിത്യസംഭവമാണ്. നിസ്സാര തര്‍ക്കങ്ങളുടെയും എതിര്‍പ്പുകളുടെയും പേരില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ പി തിലോത്തമന്റെ അധ്യക്ഷതയില്‍ സര്‍വ കക്ഷി യോഗം ചേര്‍ന്നെങ്കിലും വിജയിച്ചിരുന്നില്ല.
അങ്ങാടിക്കവലയില്‍ കിഴക്ക് പടിഞ്ഞാറ് റോഡില്‍ ഇരുവശത്തും 60 മീറ്റര്‍ നീളത്തിലും മുട്ടം ബസാര്‍ റോഡില്‍ ഇരു വശത്തും 50 മീറ്റര്‍ നീളത്തിലുമാണ് സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് കവലയുടെ മധ്യഭാഗത്ത് 20 മീറ്റര്‍ വീതിയുണ്ടാവും. 24 പേരുടെ സ്ഥലമാണ് ഏറ്റെടുക്കുന്നതെന്നും ഇതില്‍ 102 കടമുറികളാണുള്ളതെന്നും അധികൃതര്‍ വിശദീകരിക്കുകയുണ്ടായി. കവലയുടെ വികസനത്തിന് നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it