Flash News

വടക്കു കിഴക്കന്‍ മണ്ണിലേക്ക് ആദ്യ ഐ ലീഗ് കിരീടം : ചരിത്രമെഴുതി ഐസ്വാള്‍



മേഘാലയ: അങ്ങനെ ചരിത്രം കുറിച്ച് ഇന്ത്യന്‍ ലീഗ് ഫുട്‌ബോളില്‍ ഐസ്വാള്‍ എഫ്‌സി കിരീടം ചൂടി. അസാധ്യമെന്ന് തോന്നിക്കുന്ന കിരീടവുമായി ഖാലിദ് ജമാലിന്റെ ശിഷ്യന്മാര്‍ തങ്ങളുടെ സ്വന്തം നാടായ മിസോറാമിലേക്ക് വണ്ടികയറുമ്പോള്‍ അവര്‍ക്കൊപ്പം ചരിത്രവും കൂട്ടുപ്പോവുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമായാണ് ഒരു ക്ലബ്ബ് ഐലീഗ് കിരീടം നേടുന്നത്. ഫുട്‌ബോളിനെ സ്‌നേഹിച്ച് തുടങ്ങിയ മിസോറാമിന്റെ മണ്ണിലേക്ക് ആ നേട്ടമെത്തുമ്പോള്‍, കിരീടത്തിന്റെ മാറ്റ് വര്‍ധിക്കുന്നു. മേഘാലയന്‍ ക്ലബ്ബായ ഷില്ലോങ് ലജോങിനെതിരേ അവസാന മല്‍സരത്തില്‍ സമനില നേടിയാണ് ചുവപ്പു കുപ്പായക്കാര്‍ കിരീടം ചൂടിയത്. മല്‍സരത്തിന്റെ 9ാം മിനിറ്റില്‍ തന്നെ ലജോങ് ആധിപത്യം സ്വന്തമാക്കിയിരുന്നു. കാമറൂണ്‍ ഫോര്‍വേഡ് അസ്യര്‍ ഡിപാന്‍ഡ ഡിക്കയുടെ സംഭാവനയായിരുന്നു ഗോള്‍. തോറ്റാല്‍ കിരീടം നഷ്ടപ്പെടുമായിരുന്നു ഐസ്വാളിന്. ഫോട്ടോഫിനിഷിലേക്ക് കടന്ന കിരീടപ്പോരാട്ടത്തില്‍ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അവസാന നിമിഷം ഒന്നാംസ്ഥാനം കൈയടക്കിയ ഐസ്വാളിന് സമനിലയെങ്കിലും കണ്ടത്തേണ്ടത് അനിവാര്യമായിരുന്നു. പ്രയത്‌നവും പ്രാര്‍ഥനയും കൂടെയുണ്ടായിരുന്നതിനാല്‍ ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 67ാം മിനിറ്റില്‍ ഐസ്വാള്‍ തിരിച്ചടിച്ചു. മുന്നേറ്റത്തിന്റെ കരുത്തായ വില്യം ലാല്‍നുന്‍ഫെലയാണ് ഐസ്വാളിന് നിര്‍ണായക ഗോള്‍ സമ്മാനിച്ചത്. പന്തടക്കത്തില്‍ മുന്നില്‍ നിന്ന ഐസ്വാള്‍ പിന്നെയും ഗോളിനു വട്ടംകൂട്ടിയെങ്കിലും സമനിലയോടെ കപ്പുയര്‍ത്താനായിരുന്നു കാലത്തിന്റെ തീരുമാനം. അങ്ങനെ, നിര്‍ണായക സമനിലയും നേടി ഒറ്റ പോയിന്റില്‍ മോഹന്‍ ബഗാനെ പിന്നിലാക്കി ഐസ്വാള്‍ കപ്പുയര്‍ത്തി. ലീഗിലെ ആദ്യഘട്ടങ്ങളില്‍ പിന്നില്‍ നിന്ന ഐസ്വാള്‍ പിന്നീട് കറുത്തകുതിരകളായി അട്ടിമറിയിലൂടെ ഒന്നാമതെത്തുകയായിരുന്നു. കാല്‍പന്തിന്റെ ഇന്ത്യന്‍ കിരീടം ചൂടിയ കൊല്‍ക്കത്തന്‍ ക്ലബ്ബുകള്‍ പോലും ആ പ്രയാണത്തിനു മുന്നില്‍ പിന്നിലായിപ്പോയി.
Next Story

RELATED STORIES

Share it