വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വംശീയ അധിക്ഷേപം; കേന്ദ്രം മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുന്നു

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വംശീയാതിക്രമങ്ങളില്‍ സുപ്രിംകോടതി ഉത്തരവ്  മുന്‍നിര്‍ത്തി ഇവയ്ക്കു തടയിടാന്‍ കേന്ദ്രം മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ നേരിടുന്ന വര്‍ണവിവേചനം ഇല്ലാതാക്കാനും വിഷയത്തിലുയരുന്ന പരാതികള്‍ക്കു തീര്‍പ്പുകല്‍പ്പിക്കാനുമായാണു മൂന്നംഗ മോണിറ്ററിങ് പാനല്‍.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവു പ്രകാരം മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സത്യേന്ദ്രഗാര്‍ഗ്, നോര്‍ത്ത് ഈസ്റ്റ് സപ്പോര്‍ട്ട് സെന്റര്‍ സെക്രട്ടറി അലാനാ ഗോല്‍മേ, ഡല്‍ഹി യൂനിവേഴ്‌സിറ്റി നിയമ വിഭാഗത്തിലെ പ്രഫ. മിസും ന്യോഡു എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.
വംശീയ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ക്കു നേരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാനലിന് അധികാരമുണ്ടായിരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. വംശീയമായ ആക്ഷേപങ്ങള്‍ക്കോ, ആക്രമണത്തിനോ, വിവേചനങ്ങള്‍ക്കോ വിധേയരാവാനിടയാവുന്ന വടക്കുകിഴക്കന്‍ ഗോത്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരാതികളും ബുദ്ധിമുട്ടുകളും കമ്മിറ്റിയെ നേരിട്ടോ ഇ-മെയില്‍ വഴിയോ അറിയിക്കാന്‍ സംവിധാനമുണ്ട്.
അരുണാചല്‍ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ഥിയായ നിദോ താനിയ ഡല്‍ഹിയില്‍ കൊല്ലപ്പെട്ടതടക്കം ഒട്ടേറെ അതിക്രമങ്ങളാണു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരെ അടുത്തകാലങ്ങളിലായി ഉണ്ടായിരിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനം മുന്‍നിര്‍ത്തി സമര്‍പിക്കപ്പെട്ട റിട്ട് പരിഗണിച്ചതിനു ശേഷമാണ് കമ്മിറ്റി രൂപീകരിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it