വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ഭൂചലനം; 11 മരണം

ഇംഫാല്‍/ ഗുവാഹത്തി/ ധക്ക: ഇന്നലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലുമുണ്ടായ ഭൂകമ്പങ്ങളില്‍ 11 മരണം. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
മണിപ്പൂരില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിനു പുറമേ അസം, മേഘാലയ, അരുണാചല്‍പ്രദേശ്, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ തുടര്‍ചലനങ്ങളുണ്ടായി. പുലര്‍ച്ചെ 4.32നായിരുന്നു ഭൂചലനം.
മ്യാന്‍മര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇംഫാലിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. അസമില്‍ ഭൂകമ്പത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരുടെയും നില ഗുരുതരമല്ലെന്നും അസം ദുരന്ത പ്രതിരോധ കമ്മീഷണര്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു.
ഗുവാഹത്തിയില്‍ 30ഓളം കെട്ടിടങ്ങളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇംഫാലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദേശീയ ദുരന്തനിവാരണ സേന ഭൂകമ്പബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം ഉറപ്പുനല്‍കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹയുടെ നേതൃത്വത്തില്‍ ഇന്നലെ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി യോഗം ചേര്‍ന്നു. താറുമാറായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനു പവര്‍ഗ്രിഡ് കോര്‍പറേഷനില്‍ നിന്നുള്ള സംഘത്തെ അയക്കും. ഡല്‍ഹിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാനും തീരുമാനിച്ചു.
വാര്‍ത്താവിനിമയബന്ധം ഏതാണ്ട് സാധാരണ നിലയിലായിട്ടുണ്ടെന്നും ഇംഫാല്‍ നഗരത്തിലെ വൈദ്യുതി വിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരം, രാജ്യരക്ഷ, വാര്‍ത്താവിനിമയം, ഊര്‍ജം എന്നീ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ എന്നിവരുമാണ് ഇന്നലെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്.
Next Story

RELATED STORIES

Share it