വടക്കുകിഴക്കന്‍ ഇന്ത്യയിലെ കിരാതത്വം

വടക്കുകിഴക്കന്‍ ഇന്ത്യയിലെ കിരാതത്വം
X


2016ല്‍ സുപ്രിംകോടതി ബെഞ്ച്, ഇന്ത്യന്‍ പട്ടാളവും മണിപ്പൂര്‍ പോലിസും രണ്ടു പതിറ്റാണ്ടിനുള്ളില്‍ നടത്തിയ 1528 “ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍’ അന്വേഷിക്കാന്‍ ഉത്തരവിട്ടു. വ്യാജ ഏറ്റുമുട്ടലുകളും പുകയുന്ന തോക്കുകളും നിയമങ്ങളില്‍നിന്നു സുരക്ഷാസേനകള്‍ക്കുള്ള സ്വാതന്ത്ര്യവും നീതീകരിക്കാനാവില്ലെന്നും അതു ജനാധിപത്യത്തിന് അപകടമാണെന്നുമാണ് അന്നു പരമോന്നത കോടതി വിധിച്ചത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ പട്ടാളവും ഈ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അതേ കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നു. 2016ലെ അന്വേഷണ ഉത്തരവ് സുരക്ഷാസേനകളുടെ രാജ്യത്തെ സേവിക്കാനുള്ള കഴിവിനെ സാരമായി ബാധിക്കുന്നുവെന്ന കാരണമാണ് പരാതിയില്‍ അഡ്വക്കറ്റ് ജനറല്‍ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷിതത്വത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ് 2016ലെ വിധിയെന്നും അതുകൊണ്ട് അതു പിന്‍വലിക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. പിന്‍വലിച്ചില്ലെങ്കില്‍ ദേശീയ സുരക്ഷാ വിഷയത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും ആഭ്യന്തര കലാപ/യുദ്ധ മേഖലകളില്‍ സുരക്ഷാസേനകള്‍ക്ക് ഭവിഷ്യത്തുകള്‍ കൃത്യമായി കണക്കുകൂട്ടി തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍/ആക്ഷനുകള്‍ പിന്നീട് കുത്തിപ്പൊക്കുന്നത് സുരക്ഷാസേനകളുടെ ആത്മവീര്യത്തിന് വളരെ ഹാനികരമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ചുരുക്കത്തില്‍, ആഭ്യന്തരപ്രശ്‌നങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളില്‍ സുരക്ഷാ സേനകള്‍ക്ക് നിയമങ്ങളില്‍നിന്നു സ്വാതന്ത്ര്യം സുപ്രിംകോടതി ഉറപ്പുവരുത്തണമെന്ന്. ഇറോം ശര്‍മിളയുടെ ഐതിഹാസിക നിരാഹാര സമരം ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടായിരുന്നു. വ്യാജ ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ ചെറിയ സംസ്ഥാനമായ മണിപ്പൂരാണ് മുന്നില്‍. അവിടത്തെ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നാണ് സുപ്രിംകോടതി പറഞ്ഞത്. ഈ വിധി നിലനില്‍ക്കുകയാണെങ്കില്‍ അന്വേഷണങ്ങള്‍ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കശ്മീരിലേക്കും മാവോവാദി മേഖലകളിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത്തരമൊരു സ്ഥിതി സംജാതമായാല്‍ വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളുടെ സംഖ്യ ലക്ഷങ്ങളാവും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണകൂടത്തിന്റെയും യഥാര്‍ഥ മുഖം ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കപ്പെടും. പാര്‍ട്ടി വ്യത്യാസമില്ലാതെ ഭരണവര്‍ഗങ്ങള്‍ ഈ നാണംകെടുത്തലിന് നിന്നുകൊടുക്കാന്‍ തയ്യാറാവില്ല എന്നതു സ്വാഭാവികം മാത്രം. ഇത് നരേന്ദ്ര മോദിയുടെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയോ മാത്രം കാര്യമല്ല. എല്ലാ ഭരണവര്‍ഗ പാര്‍ട്ടികളും ഈ തുറന്നുകാട്ടലിന് വിധേയരാവേണ്ടിവരും; ഇന്ത്യന്‍ “ജനാധിപത്യ’ത്തിന്റെ മിച്ചമൂല്യം അനുഭവിക്കുന്ന എല്ലാവരും. ബംഗാളില്‍ കണ്ടുപിടിക്കപ്പെടുന്ന കൂട്ട ശവക്കുഴികള്‍ ഉദാഹരണം. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ പട്ടാളവും നല്‍കിയ പരാതി നിലനില്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ സുപ്രിംകോടതി മറ്റൊരു അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. മണിപ്പൂരില്‍ പട്ടാളം നടത്തിയ മൂന്നു ബലാല്‍സംഗങ്ങളാണ് പുതിയ ഉത്തരവിന്റെ വിഷയം. ഈ മൂന്നു ബലാല്‍സംഗക്കേസുകളില്‍ പട്ടാളം സ്വന്തം സംവിധാനങ്ങളുപയോഗിച്ച് അന്വേഷണം നടത്തി പ്രതികളെ നല്ലപിള്ളകളാക്കി. സംസ്ഥാന സര്‍ക്കാര്‍ പട്ടാളത്തിന്റെ അധികാരത്തില്‍ ഇടപെടുന്നതില്‍ നിസ്സഹായത പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്. വെറും മൂന്നു ബലാല്‍സംഗക്കേസുകള്‍ മാത്രമാണ് കോടതിയുടെ ഉത്തരവില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലായി ഒട്ടേറെ സമാന കേസുകള്‍ മണിപ്പൂരില്‍ മാത്രമല്ല, ആഭ്യന്തര പ്രശ്‌നങ്ങളുള്ള എല്ലാ പ്രദേശങ്ങളിലും നടന്നിട്ടുണ്ട്; ഇപ്പോഴും നടക്കുന്നുമുണ്ട്. പട്ടാളക്കാരുടെ കേവലം രതിവൈകൃതങ്ങളായി ഇവയെ കാണുന്നത് ബാലിശമാണ്. സ്ത്രീകളെ ഇതേ രീതിയില്‍ പീഡിപ്പിക്കുന്നതും കൊല ചെയ്യുന്നതും അഥവാ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നു ചരിത്രം പറയുന്നു. കലാപം ചെയ്യുന്ന ജനങ്ങളെ പരാജയപ്പെടുത്തുന്നതില്‍ അവരുടെ സ്ത്രീകളെ മാനംകെടുത്തുകയെന്നത് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. പട്ടാളക്കാരുടെ കാമഭ്രാന്തിനുപരി ബലാല്‍സംഗം ഒരു രാഷ്ട്രീയ ആയുധമാണ്. കോടതി വിഷയത്തെ ഈ വീക്ഷണകോണില്‍ കൂടി കാണുമോ എന്നതു സംശയകരമാണെങ്കിലും നിഷ്പക്ഷ അന്വേഷണങ്ങള്‍ അതിലേക്കു നയിക്കാം. വ്യാജ ഏറ്റുമുട്ടലുകളും ബലാല്‍സംഗങ്ങളും മൊത്തം പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്. ഗ്രാമങ്ങള്‍ മൊത്തമായി ചുട്ടുകരിക്കുക, കൊള്ളയടിക്കുക, പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുക, ആണുങ്ങളെയെല്ലാം എല്ല് നുറുങ്ങുന്ന രീതിയില്‍ പീഡിപ്പിച്ച് നിത്യരോഗികളാക്കുക എന്നതൊക്കെ ആഭ്യന്തരപ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ വ്യാപകമായി നടപ്പാക്കുന്നുണ്ട്. ഇതെല്ലാം കൂടിയതാണ് പ്രശ്‌നത്തെ ഇല്ലാതാക്കാനുള്ള തന്ത്രം. ഇങ്ങനെയുള്ള ശിക്ഷാമുറകള്‍ ഒളിപ്പോരുകാരെ ജനങ്ങളില്‍നിന്ന് അകറ്റാനുള്ള നടപടികളാണെന്നാണ് ഭരണകൂട വ്യാഖ്യാനം. അതിനുവേണ്ടി അതൊക്കെ ആവശ്യമാണെന്നും അതെല്ലാം അനാവശ്യമായി കുത്തിപ്പൊക്കിയാല്‍ പട്ടാളത്തിന്റെ പ്രായോഗിക കഴിവുകളെ നിരുല്‍സാഹപ്പെടുത്തലാവുമെന്നുമാണ് ഔദ്യോഗിക കാഴ്ചപ്പാട്. അതുകൊണ്ട് പൊതുതാല്‍പര്യം കണക്കിലെടുത്ത് ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ഈ ലംഘനങ്ങളൊക്കെ അനുവദനീയമാണെന്നു മാത്രമല്ല, ആവശ്യവുമാണ് എന്നു വിശ്വസിക്കാനാണ് ഭരണകൂടം ജനങ്ങളോടും കോടതികളോടും നിര്‍ദേശിക്കുന്നത്. സുപ്രിംകോടതിയില്‍ കൊടുത്തിരിക്കുന്ന പരാതി ഈ കാഴ്ചപ്പാടിന് നിയമപരിരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. “ഏറ്റുമുട്ടല്‍ കൊലകള്‍’ എന്ന പദപ്രയോഗം ഇന്ത്യന്‍ രാഷ്ട്രീയ നിഘണ്ടുവില്‍ സ്ഥാനംപിടിച്ചത് ആന്ധ്രയിലെ പൗരാവകാശ പ്രവര്‍ത്തനങ്ങളില്‍ക്കൂടിയാണ്. ഇതിനുവേണ്ടി പൗരാവകാശ പ്രവര്‍ത്തകര്‍ കൊടുത്ത വിലയും കടുത്തതായിരുന്നു. ഡോക്ടര്‍ രാമനാഥന്‍ ഉള്‍പ്പെടെയുള്ള നിരവധി മുന്‍നിര പൗരാവകാശ പ്രവര്‍ത്തകര്‍ “ഏറ്റുമുട്ടല്‍ കൊല’യ്ക്കു വിധേയരാക്കപ്പെട്ടു. എന്നിട്ടും കണ്ണബിരാന്‍, ഡോക്ടര്‍ ബാലഗോപാല്‍ തുടങ്ങിയ പൗരാവകാശ പ്രവര്‍ത്തകര്‍ നിരവധി വസ്തുനിഷ്ഠ റിപോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നു. “ഏറ്റുമുട്ടല്‍ കൊലകള്‍’ നടക്കുന്നത് ഏറ്റുമുട്ടലുകളില്‍ കൂടിയല്ലെന്നും രാഷ്ട്രീയ പ്രതിയോഗികളെ പിടികൂടി ഭീകരമായി പീഡിപ്പിച്ചു കൊല്ലുന്നതാണെന്നും ലോകം മുഴുവന്‍ അറിഞ്ഞു. ഏറ്റുമുട്ടല്‍ കൊലകള്‍ എന്നാല്‍ വ്യാജ ഏറ്റുമുട്ടലുകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇതിനോടകം “ഏറ്റുമുട്ടല്‍ കൊലകളും’ അപ്രത്യക്ഷമാവലുകളും എവിടെയൊക്കെ ജനകീയ ചെറുത്തുനില്‍പുകളുണ്ടോ അവിടെയൊക്കെ വ്യാപിപ്പിച്ചുകഴിഞ്ഞിരുന്നു; പ്രത്യേകിച്ചും കശ്മീരിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും. നിയമത്തിനു പുറത്തുള്ള ഇത്തരം കൊലപാതകങ്ങള്‍ സാധാരണമായിക്കഴിഞ്ഞ അവസ്ഥയിലാണ് സുപ്രിംകോടതി അന്വേഷണത്തിന് ഉത്തരവിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം ഈ ഉത്തരവ് അതേ കോടതിയെക്കൊണ്ട് പിന്‍വലിപ്പിക്കാനാണ്. “ഏറ്റുമുട്ടല്‍ കൊല’ നടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തീര്‍ത്തുപറയുന്നില്ല. അത് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്തുകൊണ്ട് അതാവശ്യമാണെന്നു സ്ഥാപിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്. ദേശീയ സുരക്ഷിതത്വം രാഷ്ട്രീയ കളരിയിലെ പ്രധാന കഥാപാത്രമായിരിക്കെ അതിനെ രക്ഷിക്കാനെടുക്കുന്ന നടപടികളെ വിമര്‍ശിക്കുന്നവര്‍ ദേശദ്രോഹികളാണെന്ന് വരുത്തിത്തീര്‍ക്കാം. വലതുപക്ഷത്തുനിന്നു വ്യാഖ്യാനിക്കപ്പെടുന്ന ദേശസ്‌നേഹത്തെക്കുറിച്ചും ദേശദ്രോഹത്തെക്കുറിച്ചും നിലപാടെടുക്കാന്‍ സുപ്രിംകോടതിയെ നിര്‍ബന്ധിക്കുകയാണീ സര്‍ക്കാര്‍. നീതിന്യായ വ്യവസ്ഥയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെയാണ് ഇതുകൊണ്ട് ചങ്ങലയ്ക്കിടാന്‍ ശ്രമിക്കുന്നത്. ഈ പരാതിയില്‍ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവുമെന്നതില്‍ സംശയത്തിനിടമില്ല. ഇതൊരു മൗലിക രാഷ്ട്രീയ, മനുഷ്യാവകാശ, പൗരാവകാശ പ്രശ്‌നമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ചില മൗലികാവകാശങ്ങളുണ്ട്. അതിലൊന്നാണ് ജീവിക്കാനുള്ള അവകാശം. ഇത് ഭരണഘടനയെ പൂര്‍ണമായും അംഗീകരിക്കുന്നവര്‍ക്കു മാത്രമുള്ള അവകാശമല്ല. എല്ലാവര്‍ക്കും തുല്യമായുള്ള അവകാശമാണ്. ഈ അവകാശം ലംഘിക്കുന്നവര്‍ക്കെതിരേ നിയമാനുസൃതം നടപടിയെടുക്കാനുള്ള വകുപ്പുകള്‍ ഏറെയുണ്ട്. അതിനുവേണ്ടി വിപുലമായ സംവിധാനങ്ങളുമുണ്ട്. ഇതിനെയൊക്കെ ചവിട്ടിമെതിച്ച് ഭരണകൂടത്തിന്റെ സായുധസംരക്ഷകര്‍ക്ക് കാട്ടുനീതി നടപ്പാക്കാന്‍ നിയമപരമായ സുരക്ഷിതത്വം കൊടുക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശ്യം. നിയമത്തിന്റെ രക്ഷ തത്ത്വത്തില്‍ ഇല്ലാതെ തന്നെ ലംഘനങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വേണ്ടി സുപ്രിംകോടതിയെക്കൊണ്ട് നിലപാടെടുപ്പിക്കാന്‍ ഭരണകൂട രാഷ്ട്രീയനേതൃത്വം ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it