thrissur local

വടക്കാഞ്ചേരി നഗരസഭാ ശ്മശാനം കാടുകയറി അനാഥാവസ്ഥയില്‍



തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയുടെ എങ്കക്കാടുള്ള ശ്മശാനം കാടുകയറി അനാഥമായി. അന്ത്യകര്‍മ്മങ്ങള്‍ക്ക് ആവശ്യമായ ശ്മശാനം, ഏറെക്കാലമായി നീണ്ട നിദ്രയിലാണ്. വടക്കാഞ്ചേരി നഗരസഭയിലെ എങ്കക്കാട് സ്ഥിതി ചെയ്യുന്ന ശ്മശാനം വാതക ശ്മശാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2014 ലാണ് ആരംഭിച്ചത്. അന്ന് വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയാണ് ശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിച്ചത്. സംസ്ഥാന ഗവണമെന്റിന്റെ ഇരുപത് ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 8 ലക്ഷവും ബാക്കി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും എടുത്ത് ഏകദേശം നാല്‍പത്തി അഞ്ച് ലക്ഷത്തോളം രൂപയായിരുന്നു എസ്റ്റിമേറ്റ്. കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മ്മാണ ചുമതല. പഞ്ചായത്ത് ഭരണസമിതി ശ്മശാനത്തിന്റെ കെട്ടിടം പണി പൂര്‍ത്തികരിച്ചുവെങ്കിലും നഗരസഭയായി മാറി തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്‍.ഡി.ഫ് ഭരണസമിതി വന്നു. തുടര്‍ന്ന് ശ്മശാനത്തില്‍ അനുബന്ധ സജ്ജീകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച് കാട് കയറി കിടക്കുന്ന അവസ്ഥയിലാണ് ഇന്ന് ശ്മശാനം. ഗ്രാമപഞ്ചായത്തിന് ലഭിച്ച സംസ്ഥാന ഫണ്ട് വടക്കാഞ്ചേരി നഗരസഭയായി മാറിയതിനാല്‍ ലഭിക്കാനുള്ള തടസ്സങ്ങള്‍ മൂലമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് എന്നാണ് വിശദീകരണം. ഏക്കറുകളോളം സ്ഥലവും കെട്ടിടവും നഗരസഭയിലെ ശ്മശാനത്തിന് ഉണ്ടെങ്കിലും നഗരസഭയിലുള്ളവര്‍ ആശ്രയിക്കുന്നത് ഭാരതപ്പുഴയേയും മത വിഭാഗങ്ങളുടെ ശ്മശാനങ്ങളേയുമാണ്. ഈ വര്‍ഷമെങ്കിലും ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.
Next Story

RELATED STORIES

Share it