Districts

വടക്കന്‍ കേരളം: യുഡിഎഫിന് പ്രഹരം

ആബിദ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വലതിനെ പ്രഹരിച്ചും ഇടതിനെ കൂടുതല്‍ ചുവപ്പിച്ചും വടക്കന്‍ കേരളം. മുസ്‌ലിം കേന്ദ്രങ്ങളില്‍ ഏറക്കുറേ നേട്ടമുണ്ടാക്കിയ എല്‍ഡിഎഫ് മലബാറിലുടനീളം വെന്നിക്കൊടി പാറിച്ചു. കണ്ണൂരിലും വയനാട്ടിലും ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കാസര്‍കോട്ട് ബിജെപിയാണ് നേട്ടം കൊയ്തത്. വലത്തോട്ട് മാത്രം തിരിയുന്ന വയനാട് ഇത്തവണ ഇടതിനെ പിന്തുണച്ചതിന് ഭരണവിരുദ്ധ വികാരങ്ങളും ഐക്യമുന്നണിക്കകത്തെ തൊഴുത്തില്‍ക്കുത്തുമെല്ലാം കാരണമായിട്ടുണ്ട്.
കണ്ണൂരില്‍ ഇടത് ആധിപത്യം തുടരുന്നു
പരമ്പരാഗതമായി ഇടതുപക്ഷത്തെ തുണയ്ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഇത്തവണയും എല്‍ഡിഎഫിനാണ് ആധിപത്യം. ജില്ലാ പഞ്ചായത്തിലെ 24 സീറ്റില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 15ഉം നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 2010ല്‍ 26 ഡിവിഷനുകളില്‍ 20 എണ്ണവും ഇടതിനായിരുന്നു. യുഡിഎഫ് ഇക്കുറി ശക്തമായ മുന്നേറ്റത്തിലൂടെ സീറ്റുകള്‍ ഒമ്പതായി വര്‍ധിപ്പിച്ചു. ബിജെപി ഒരിടത്തും നിലംതൊട്ടില്ല.
71 ഗ്രാമപ്പപഞ്ചായത്തുകളില്‍ 52 എല്‍ഡിഎഫിനും 19 യുഡിഎഫിനും ലഭിച്ചു. 11 ബ്ലോക്ക് പഞ്ചായത്തുകളിലെ യും കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ നഗരസഭകളിലെയും ഭരണം നിലനിര്‍ത്താന്‍ ഇടതിനായി. എല്‍ഡിഎഫിന്റെ പാതിസ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആന്തൂര്‍ നഗരസഭയില്‍ പേരിനുപോലും പ്രതിപക്ഷമില്ല. ആന്തൂരിനെ വേര്‍പ്പെടുത്തിയശേഷം ജനവിധി തേടിയ തളിപ്പറമ്പ് നഗരസഭയും പാനൂരും യുഡിഎഫ് സ്വന്തമാക്കി. ഇരിട്ടി, ശ്രീകണ്ഠാപുരം നഗരസഭകളില്‍ ഇരുമുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ല. ഇരിട്ടിയില്‍ ബിജെപിയുടെയും ശ്രീകണ്ഠാപുരത്ത് മൂന്നു കോണ്‍ഗ്രസ്-ലീഗ് വിമതരുടെയും നിലപാടുകള്‍ നിര്‍ണായകമാണ്.
യുഡിഎഫ് ഭരിച്ചിരുന്ന കണ്ണൂര്‍ നഗരസഭയും യുഡിഎഫ് അനുകൂല പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചു. 55 ഡിവിഷനുകളില്‍ ഇരുമുന്നണികളും 27 വീതം സീറ്റ് നേടി. കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണായകമാണ്. എസ്ഡിപിഐ രണ്ടിടത്തും യുഡിഎഫിന്റെ പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി മൂന്നിടത്തും വിജയിച്ചു.
കാസര്‍കോട്ട് ഇടതുപക്ഷം നില മെച്ചപ്പെടുത്തി
കാസര്‍കോട് ജില്ലയില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തിയപ്പോള്‍ ബിജെപിക്കും അല്‍പ്പം സീറ്റ് കൂടി. ജില്ലാ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ യുഡിഎഫിന്കാഞ്ഞങ്ങാട് നഗരസഭയും കോണ്‍ഗ്രസ്സിന് പരമ്പരാഗത പഞ്ചായത്തുകളും നഷ്ടമായി. ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് രണ്ടംഗങ്ങളായി. 17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് ഏഴും സീറ്റ് ലഭിച്ചു.
ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാറഡുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ എല്‍ഡിഎഫും മഞ്ചേശ്വരം, കാസര്‍കോട് എന്നിവ യുഡിഎഫും നേടി. നിലവില്‍ മൂന്ന് പഞ്ചായത്തുകളുള്ള ബിജെപിക്ക് ഒന്നുകൂടി കിട്ടി. കാറഡുക്ക, മധൂര്‍, പൈവളിഗെ, ബെള്ളൂര്‍ പഞ്ചായത്തുകളിലാണ് ബിജെപി വിജയിച്ചത്. കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ്സിന്റെ രണ്ടും സിപിഎമ്മിന്റെ ഒന്നും സീറ്റുകള്‍ ബിജെപി കൈയടക്കി. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. എന്‍മകജെയില്‍ യുഡിഎഫിന് ഒപ്പത്തിനൊപ്പമുള്ള ബിജെപി പൈവളിഗെയില്‍ ഒരു സീറ്റിന് മുന്നിലാണ്.
കോണ്‍ഗ്രസ്സിന്റെ ഈസ്റ്റ് എളേരി, പനത്തടി പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടു. ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കപ്പെട്ട ജെയിംസ് പന്തമാക്കലിന്റെ ജനാധിപത്യ വികസന മുന്നണി 16 സീറ്റില്‍ പത്തും നേടി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണായിരുന്ന കെ ദിവ്യ, യുഡിഎഫിന്റെ ചെയര്‍മാന്‍സ്ഥാനാര്‍ഥി അഡ്വ. എന്‍ എ ഖാലിദ് എന്നിവര്‍ തോറ്റു. ഡിസിസി സെക്രട്ടറിമാരായ ടോമി പ്ലാച്ചേരി ഈസ്റ്റ് എളേരിയിലും ജെ എസ് സോമശേഖര എണ്‍മകജെയിലും പരാജയപ്പെട്ടു. മഞ്ചേശ്വരം പഞ്ചായത്തിലെ മച്ചംപാടി വാര്‍ഡ് എസ്ഡിപിഐ നിലനിര്‍ത്തി. മംഗല്‍പാടി പഞ്ചായത്തിലും കാസര്‍കോട് നഗരസഭയിലെ 35ാം വാര്‍ഡിലും എസ്ഡിപിഐ സ്വതന്ത്രസ്ഥാനാര്‍ഥികളും കാസര്‍കോട് നഗരസഭ മൂന്നാംവാര്‍ഡില്‍ എസ്ഡിപിഐ പിന്തുണച്ച സ്ഥാനാര്‍ഥിയും വിജയിച്ചു. ഐഎന്‍എല്‍, പിഡിപി, എസ്ഡിപിഐ എന്നിവ ജില്ലയില്‍ സാന്നിധ്യമുറപ്പിച്ചപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കക്കാനായില്ല.
റിബലുകള്‍ പല സ്ഥലത്തും നിര്‍ണായകമാണ്. കാഞ്ഞങ്ങാട് അമ്മാവനെതിരേ മല്‍സരിച്ച മരുമകന്‍ റിബലായി വിജയിച്ചു. ബിജെപി റിബലും വിജയിച്ചു. അതിര്‍ത്തിമേഖലകളില്‍ ബിജെപിക്ക് കാര്യമായ സാന്നിധ്യമുറപ്പിക്കാനായില്ല.
വയനാട്: യുഡിഎഫ് മേല്‍ക്കോയ്മയില്ല
വയനാട്ടില്‍ ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫിനും ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ യുഡിഎഫിനുമാണ് നേട്ടം. ജില്ലാ പഞ്ചായത്ത് നിലനിര്‍ത്തിയ യുഡിഎഫ് ജില്ലയിലെ മൂന്ന് ബ്ലോക്കുകളും സ്വന്തമാക്കി. കല്‍പ്പറ്റ, മാനന്തവാടി, പനമരം ബ്ലോക്കുകളാണ് യുഡിഎഫ് നേടിയത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് എല്‍ഡിഎഫിനാണ്.
നഗരസഭകളില്‍ കല്‍പ്പറ്റ യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ മാനന്തവാടി എല്‍ഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞ തവണ നാലും യുഡിഎഫാണ് ഭരിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. പഞ്ചായത്തായിരുന്നപ്പോള്‍ പതിറ്റാണ്ടുകളായി ഇവിടെ യുഡിഎഫാണ് ഭരിച്ചത്. ഒരു വാര്‍ഡില്‍ വിജയിച്ച ബിജെപി നിര്‍ണായകമാണ്. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളില്‍ 11 യുഡിഎഫും അഞ്ച് എല്‍ഡിഎഫും നേടി.
23 ഗ്രാമപ്പഞ്ചായത്തുകളില്‍ 12 എല്‍ഡിഎഫ് നേടിയപ്പോള്‍ എട്ടിടങ്ങളിലാണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ തവണ മൂന്നിടത്ത് മാത്രമേ എല്‍ഡിഎഫിന് ഭരണം നേടാനായിരുന്നുള്ളൂ. ഒരു പ്രതിപക്ഷാംഗം പോലുമില്ലാതിരുന്ന പടിഞ്ഞാറത്തറ ഇടതുമുന്നണി പിടിച്ചെടുത്തത് യുഡിഎഫിനെ ശരിക്കും ഞെട്ടിച്ചു. വീരേന്ദ്രകുമാറിന്റെ വാര്‍ഡിലും യുഡിഎഫിന് വിജയിക്കാനായില്ല. മൂന്നു പഞ്ചായത്തുകളില്‍ ഇരുമുന്നണികള്‍ക്കും തുല്യ സീറ്റുകളാണ്. വെങ്ങപ്പള്ളിയില്‍ മുന്നണികള്‍ക്ക് ആറു സീറ്റ് വീതമാണു ലഭിച്ചത്. ബിജെപിക്ക് ഒരു സീറ്റുണ്ട്. ഒമ്പതു സീറ്റ് വീതം ലഭിച്ച മുട്ടിലില്‍ ഒരു കോണ്‍ഗ്രസ് വിമതനും വിജയിച്ചു.
മിക്ക പഞ്ചായത്തുകളിലും ഒരു സീറ്റിന്റെ ഭൂരിപക്ഷമാണ് മുന്നണികള്‍ക്കുള്ളത്. വിമതസ്ഥാനാര്‍ഥികളും കരുത്തു തെളിയിച്ചിട്ടുണ്ട്. കേണിച്ചിറ, പുല്‍പ്പള്ളി മേഖലകളില്‍ എസ്എന്‍ഡിപി ബാന്ധവം ഗുണം ചെയ്ത ബിജെപിക്ക് 13 വാര്‍ഡില്‍ ജയിക്കാനായി.
Next Story

RELATED STORIES

Share it