kasaragod local

വടക്കന്‍മേഖലയ്ക്ക് പ്രാധാന്യം നല്‍കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

കാസര്‍കോട്: യുവാക്കള്‍ക്ക്് പ്രാധാന്യം നല്‍കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ വടക്കന്‍മേഖലയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം. മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, മുന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ എന്നിവരാണ് ഒഴിവായത്.
ഇതില്‍ സതീഷ്ചന്ദ്രനും സി എച്ച് കുഞ്ഞമ്പുവും സംസ്ഥാനകമ്മിറ്റിയംഗങ്ങള്‍ എന്ന നിലയിലാണ് ഒഴിവായതെങ്കില്‍ കഴിഞ്ഞതവണ സെക്രട്ടേറിയറ്റംഗമായ ടി വി ഗോവിന്ദനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. ഇത്തവണ പാര്‍ട്ടി ജില്ലാസമ്മേളനം നടത്തിപ്പില്‍ മുന്‍നിരയിലായിരുന്നു ടി വി ഗോവിന്ദന്‍. ജില്ലാസെക്രട്ടറിയാകുമെന്ന പ്രചാരണം പോലുമുണ്ടായിരുന്നു.
പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഗോവിന്ദനെ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലെന്ന് സംശയമുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയത് കന്നട മേഖലയില്‍ നിന്നുള്ള കെ ആര്‍ ജയാനന്ദ, കാസര്‍കോട്ടെ കര്‍ഷകസംഘം നേതാവ് വി കെ രാജന്‍, മലയോരമേഖലയില്‍ നിന്നുള്ള സാബു ഏബ്രഹാം എന്നിവരെയാണ്. ഇവരെക്കൂടാതെ എം വി ബാലകൃഷ്ണന്‍, പി രാഘവന്‍, പി ജനാര്‍ദ്ദനന്‍, എം രാജഗോപാലന്‍, കെ വി കുഞ്ഞിരാമന്‍, വി പി പി മുസ്തഫ എന്നിവരും സെക്രട്ടറിയേറ്റംഗങ്ങളാണ്.
ഇതിനിടെ ജില്ലാകമ്മിറ്റിയിലേയ്ക്ക് കാസര്‍കോട് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാസമ്മേളനം തിരഞ്ഞെടുത്ത കെ പി സതീഷ്ചന്ദ്രന്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവായെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ ജില്ലാസമ്മേളനം തിരഞ്ഞെടുത്ത പ്രതിനിധിയെ എങ്ങനെയാണ് ഒഴിവാക്കുക എന്ന ചോദ്യം ഉയരുന്നുണ്ട്. സംസ്ഥാനകമ്മിറ്റി അംഗമായ സി എച്ച് കുഞ്ഞമ്പുവിന്റെ ഭാര്യ എം സുമതിയെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഹനീഫയെ ഒഴിവാക്കിയതിനെതിരെയുള്ള വിമര്‍ശനം മറികടക്കാനാണ് പുതിയ തീരുമാനമെന്ന് പറയപ്പെടുന്നു.
Next Story

RELATED STORIES

Share it