palakkad local

വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളജ് കെട്ടിടം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കും

പാലക്കാട്: വടക്കഞ്ചേരിയിലുളള സംസ്ഥാനത്തെ ഏക കമ്മ്യൂണിറ്റി കോളജിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജനല്‍ മാനെജര്‍ ലില്ലി ജോസഫ് വ്യക്തമാക്കി. 1.85 ഏക്കറിലാണ് കോളജ് പ്രവര്‍ത്തനം ആരംഭിക്കുക. കോളജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വടക്കഞ്ചേരിയില്‍ ആരംഭിക്കാനിരിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ തൊഴിലധിഷ്ഠിത കോഴ്—സുകളില്‍ 70 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും 20 ശതമാനം പട്ടികവര്‍ഗവിഭാഗക്കാര്‍ക്കും ബാക്കിയുളള 10 ശതമാനം മറ്റ് വിഭാഗക്കാര്‍ക്കുമായാണ് നീക്കിയിരിക്കുന്നത്. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 50,000ത്തോളം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. കമ്മ്യൂണിറ്റി കോളജും ഹോസ്റ്റലുമായി രണ്ടു ഇരുനില കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്.
പട്ടികജാതി വികസന വകുപ്പിന്റെ 5.67 കോടി ഉപയോഗിച്ച് 1674 ചതുരശ്ര അടി കോളജ് കെട്ടിടവും 1550.12 ചതുരശ്ര അടി ഹോസ്റ്റല്‍ കെട്ടിടവുമാണ് നിര്‍മിക്കുന്നത്. ഇതോടെ സാങ്കേതിക മികവ് ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരം ലഭ്യമാകും. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ മുന്‍നിര സ്ഥാപനമായ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
പഠിച്ചിറങ്ങുന്ന മുഴുവന്‍ പേര്‍ക്കും ജോലിയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കോളജില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് എന്ന രണ്ടുവര്‍ഷ കോഴ്‌സാണ് നടത്തുന്നത്. വാഹന നിര്‍മാണ കമ്പനികളില്‍ മെഷിനിസ്റ്റ് പോസ്റ്റിലേക്കാണ് ഇവിടെ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുക. ലെയ്ത്ത്, ഡ്രിലിങ് തുടങ്ങിയവയാണ് കോഴ്‌സില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.  മണ്ണാംപറമ്പില്‍ നടന്ന പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അധ്യക്ഷയായി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ ലില്ലി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസി. കെ ശാന്തകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി. സി കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം എ ടി ഔസേഫ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമാ ജയന്‍, സി പ്രസാദ്, സി വിനു, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ വി സജീവ് പങ്കെടുത്തു.
Next Story

RELATED STORIES

Share it