kozhikode local

വടകര: വ്യാജ വോട്ടര്‍മാരില്‍ ലീഗ് സ്ഥാനാര്‍ഥിയുംസര്‍ക്കാര്‍ ശമ്പളം പറ്റുന്നവരും

പി.സി അബ്്ദുല്ല

വടകര: നഗരസഭയിലെ അന്തിമ വോട്ടര്‍പ്പട്ടികയിലും വ്യാജന്മാര്‍ ഏറെ. ഇക്കൂട്ടത്തില്‍ നഗരസഭയിലേക്ക് മല്‍സരിക്കുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന രണ്ടുപേരും ഉള്‍പ്പെടുന്നതായും ആക്ഷേപം.  നഗരസഭയിലെ വോട്ടര്‍പ്പട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരണപ്പെട്ടവരും താമസം മാറിപ്പോയവരുമൊക്കെ ഇടം നേടിയ വിവരം നേരത്തെ തേജസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എസ്ഡിപിഐയുള്‍പ്പടെയുള്ള സംഘടനകള്‍ വ്യാജ വോട്ടര്‍മാര്‍ക്കെതിരെ രംഗത്തുവന്നു. കരട് പ്പട്ടികയിലെ വ്യാജ വോട്ടര്‍മാരെ കണ്ടെത്താനും നീക്കം ചെയ്യാനും മുന്‍സിപ്പല്‍ സെക്രട്ടറി വിഎല്‍ഒമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു.

ഇതിന്റെ ഭാഗമായി 102  വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ നിന്നു നീക്കം ചെയ്തു. വോട്ടര്‍പ്പട്ടികയില്‍ പേരുള്ള വാര്‍ഡുകളില്‍ താമസിക്കുന്നത് തെളീക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കത്തവരെയാണ് അന്തിമ വോട്ടര്‍പ്പട്ടികയില്‍ നിന്നു നീക്കം ചെയ്തത്.  എന്നാല്‍, തെളിവെടുപ്പും പരിശോധനകളും കഴിഞ്ഞ് അന്തിമ പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 102 പേരില്‍ 18 പേര്‍ വോട്ടര്‍പ്പട്ടികയില്‍ വീണ്ടും ഇടം നേടിയിരിക്കുകയാണ്.

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകളൊന്നും ഹാജരാക്കാതെയാണ് ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയില്‍പെട്ട ഇവര്‍ വോട്ടര്‍പ്പട്ടികയില്‍ വീണ്ടും കയറിക്കൂടിയതെന്നാണ് ആരോപണം.      ഈ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഒരാള്‍ 44ാം വാര്‍ഡിലെ വ്യാജ വോട്ടര്‍ ആണെന്നാണ് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴിയൂരിലേക്ക് താമസം മാറ്റിയ ഈ ലീഗ് നേതാവ് നേരത്തെ രണ്ട് തവണ നഗരസഭാ കൗണ്‍സിലറായിരുന്നു.  വടകരയിലെ എയിഡഡ് സ്‌കൂളില്‍ ജീവനക്കാരായ രണ്ട് പേര്‍ വ്യാജ വോട്ടര്‍മാരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇതിലൊരാള്‍ ക്ലര്‍ക്കും മറ്റെയാള്‍ അധ്യാപകനുമാണ്. രണ്ട് പേരും സജീവ ലീഗ് പ്രവര്‍ത്തകര്‍. ക്ലാര്‍ക്കിനെ 45ാം വാര്‍ഡിലാണ് വോട്ട്. എന്നാല്‍ രണ്ട് വര്‍ഷമായി ഇയാള്‍ താമസിക്കുന്നത് 44ാം വാര്‍ഡിലാണ്. 4 വര്‍ഷമായി 11ാം വാര്‍ഡില്‍ താമസിക്കുന്ന അധ്യാപകന്‍ 45ാം വാര്‍ഡിലെ വോട്ടര്‍പ്പട്ടികയില്‍ നിന്നു നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ മതിയായ രേഖകളൊന്നും ഹാജരാക്കാതെ ഇദ്ദേഹം വീണ്ടും അതേ വാര്‍ഡിലെ വോട്ടര്‍പ്പട്ടികയില്‍ ഇടം നേടിയത്.
Next Story

RELATED STORIES

Share it