kozhikode local

വടകര പോലിസിനെതിരേ നടപടിക്ക് സാധ്യത

വടകര: കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി സിന്ധുവിനെയും അപമാനിച്ച സംഭവത്തില്‍ വടകര പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം.
മുരളി പ്രസിഡന്റായ സൊസൈറ്റിയുടെ ഓഫിസില്‍ ഇരുവരും തനിച്ചായപ്പോള്‍ പുറത്തുനിന്നും പൂട്ടിയാണ് ഡിവൈഎഫ്‌ഐക്കാര്‍ പോലിസില്‍ വിവരമറിയിച്ചത്. ബാങ്കിങ്ങ് ഇടപാടുകളും കോണ്‍ട്രാക്റ്റ് ജോലികളും ചെയ്യുന്ന സ്ഥാപനത്തില്‍ സ്ത്രീകളടക്കമുള്ള നിരവധി ജോലിക്കാരുണ്ട്. ഇവിടെ ജോലിക്കായെത്തിയ കോണ്‍ഗ്രസ് വനിതാനേതാവും ഈ സ്ഥാപനത്തിന്റെ സഹോദരസ്ഥാപനത്തിന്റെ ഡയറക്ടറുമായ സിന്ധുവിനെയും ഇത്തരത്തില്‍ അനാശ്യസപ്രവര്‍ത്തനം ആരോപിച്ച് പിടികൂടുമ്പോള്‍ ഇതിലെ വസ്തുത അന്വേഷിക്കാന്‍പോലും പോലിസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.
കേസ് ചാര്‍ജ് ചെയ്യാന്‍പോലും കഴിയാത്ത ഒരു സംഭവത്തിന്റെ പേരില്‍ മണിക്കൂറുകളോളം ഇരുവരെയും സ്‌റ്റേഷനില്‍ നിര്‍ത്തുകയും സ്‌റ്റേഷനു ചുറ്റും ജനം തടിച്ചുകൂടുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിച്ചതും പോലിസിന്റെ പിടിപ്പുകേടായിട്ടാണ് ജനം നോക്കി കാണുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനകരമായ സന്ദേശങ്ങള്‍ പ്രചരിച്ചതുകൂടാതെ പോലിസ് സ്റ്റേഷനു മുന്നില്‍ സിന്ധുവിന്റെയും മുരളിയുടെയും ഫോട്ടോ വച്ച നോട്ടീസുകള്‍ പതിച്ചിട്ടും മണിക്കൂറുകള്‍ക്കുശേഷമാണ് പോലിസ് നോട്ടീസ് മാറ്റിയത്.
ജനങ്ങള്‍ക്കിടയില്‍ മനപൂര്‍വം ഇരുവരെയും അപമാനിക്കാന്‍ പോലിസ് കൂട്ടുനിന്നതായാണ് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത്. സംഭവത്തില്‍ ഡിജിപി, ഉത്തരമേഖല എഡിജിപി, റൂറല്‍ എസ്പി എന്നിവര്‍ക്ക് മുരളി പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ കേസും മാനനഷ്ടക്കേസും ഫയല്‍ചെയ്യാനൊരുങ്ങുകയാണ് ഇരുവരും. സിന്ധു ഇന്നലെ വനിതാകമ്മീഷനില്‍ പരാതി നല്‍കികഴിഞ്ഞു. സംഭവം ആഭ്യന്തര മന്ത്രിയുടെയും മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബാങ്കുകള്‍പോലുള്ള പൊതു തൊഴിലിടങ്ങളില്‍പോലും അതിക്രമിച്ച് സദാചാരഗുണ്ടായിസം നടത്തുന്നത് അതീവ ഗൗരവതരമായ സംഭവമായാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നടങ്കം കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ആര്‍ക്കുനേരെയും പ്രയോഗിക്കപ്പെടാമെന്നത് സമൂഹ്യജീവിതത്തിലെ അപകടകരമായ അവസ്ഥയാണ്.
Next Story

RELATED STORIES

Share it