kozhikode local

വടകര താലൂക്കില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം

വടകര: വടകര താലൂക്കിലുണ്ടായ യിലുണ്ടായ കനത്ത മഴയിലും ചുഴലി കാറ്റിലും ഇടി മിന്നലിലും വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ചുഴലികാറ്റും വീശിയത്.
താലൂക്കില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഗതാഗതം സ്തംഭിച്ചു. വേളം പഞ്ചായത്ത് പരിധിയില്‍ ഇടിമിന്നലേറ്റ് പശു ചാവുകയും, ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പല വീടുകളിലും വയറിങുകള്‍ കത്തിനശിച്ച നിലയിലാണ്. കോട്ടപ്പള്ളി ചെമ്മരത്തൂര്‍ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
വടകര നഗരപരിധിയിലും നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണിട്ടുണ്ട്. മാക്കൂല്‍ പീടിക, കുട്ടോത്ത്, വില്യാപ്പള്ളി, പണിക്കോട്ടി വായനശാലക്ക് സമീപം എന്നിവിടങ്ങളില്‍ റോഡുകളില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. പലയിടങ്ങളിലും ഫയര്‍ഫോഴ്‌സ് എത്തി വീണ് കിടന്ന മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്താപിച്ചത്. നഗരത്തിലെ വിവിധ കെട്ടിടത്തിന്റെ മേല്‍ക്കൂരയും തകര്‍ന്ന നിലയിലാണ്. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലടക്കം മരങ്ങള്‍ തകര്‍ന്നു വീണിട്ടുണ്ട്.
മരങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീണതിനാല്‍ വൈദ്യുതി ബന്ധം പാടെ നിലച്ച അവസ്ഥയിലാണ്. താഴെഅങ്ങാടി അഴിത്തലയില്‍ മൂന്ന് വീടുകളുടെ മുകളില്‍ തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. കുന്നുമ്മല്‍ ഹൈദര്‍, സിപി മഹ്മൂദ്, എസി സാദിഖ് എന്നിവരുടെ വീടുകളുടെ മുകളിലാണ് തെങ്ങ് വീണ് ഭാഗികമായും തകര്‍ന്നത്. എന്നാല്‍ താലൂക്കിലെ പല സ്ഥലങ്ങളിലും സംഭവിച്ചതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. മറ്റു സ്ഥലങ്ങളിലെ നഷ്ടങ്ങളുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it