kozhikode local

വടകര താലൂക്കില്‍ ഒമ്പത് പേര്‍ക്കുകൂടി ഡെങ്കിപ്പനി



വടകര: പനിബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും രോഗികള്‍ക്ക് ആശ്വാസകേന്ദ്രമാവേണ്ട ആതുരാലയങ്ങള്‍ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. വടകര ജില്ലാ ആശുപത്രി, ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ആവശ്യത്തിന് ഡോക്ടര്‍മാരും, സഹ ജീവനക്കാരുമില്ലാത്തത്. ഈ രണ്ടു ആശുപത്രികളിലും പനി ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ടെങ്കിലും രോഗികള്‍ക്ക് ചികിത്സ നല്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരും, ജീവനക്കാരുമില്ലാത്തത് കാരണം രോഗികള്‍ പ്രയാസപ്പെടുകയാണ്. ജില്ലാ ആശുപത്രിയില്‍ ഇന്നലെ 1732 പേര്‍ ചികില്‍സ തേടിയതില്‍ ഒന്‍പത് പേര്‍ക്ക് ഡെങ്കി പനിയുള്ളതായി കണ്ടെത്തി. കുറ്റിയാടിയില്‍ നിന്നെത്തിയ 4 പേര്‍ക്കും, ആയഞ്ചേരി, കക്കട്ടില്‍ എന്നിവിടങ്ങളില്‍ നിന്നും ചികിത്സ തേടിയെത്തിയ അഞ്ചു പേര്‍ക്കുമാണ് ഡെങ്കി സ്ഥിരീകരിച്ചത്. വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി ഏഴു മണിവരെ പനി ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളും പ്രയാസപ്പെടുകയാണ്. ഏഴു മണി കഴിഞ്ഞു കാഷ്വാലിറ്റിയില്‍ എത്തുന്ന പനി രോഗികളെ പരിശോധിക്കാന്‍ ചില ഡ്യൂട്ടി ഡോക്ടര്‍മാര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചീഫ് മെഡിക്കല്‍ ഓഫീസറടക്കം അഞ്ച് ഡോക്ടര്‍മാരാണുള്ളത്. അറുന്നൂറിലധികം രോഗികളാണ് ദിനം പ്രതി ഈ ആതുരാലയത്തില്‍ ചികിത്സതേടിയെത്തുന്നത്. അറുപതോളം പേര്‍ പനിയ്ക്ക് മാത്രം ഇന്നലെ ചികിത്സ തേടിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഓഫീസ് സംബന്ധമായ മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്ത് പോകുമ്പോള്‍നാലു പേര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുക. രണ്ടു ഡോക്ടര്‍മാരെ കൂടി ലഭിച്ചാല്‍ ചികിത്സ സൗകര്യം വര്‍ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ രണ്ട് സ്റ്റാഫ് നേഴ്‌സുമാരെ മാത്രം വെച്ച് കൊണ്ടാണ് ഐപിയുടെ പ്രവര്‍ത്തനം നടത്തുന്നത്. ആര്‍എസ്ബിവൈ ഫണ്ട് ഉപയോഗിച്ച് രണ്ട് നേഴ്‌സുമാരെ ഇപ്പോള്‍ നിയമിച്ചുണ്ടെങ്കിലും, കൂടുതല്‍ പേരെ നിയമിച്ചാല്‍ മാത്രമേ പരാതികള്‍ക്ക് പരിഹാരമുണ്ടാകൂ. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ ജീവനക്കാരില്ലാത്തതാണ് മറ്റൊരു പ്രയാസം. ഒരു ലാബ് ടെക്‌നീഷ്യനും, ഒരു ലാബ് അസിസ്റ്റന്റ്റും മാത്രമാണ് നിലവിലുള്ളത്. ഇതില്‍ ടെക്‌നീഷ്യന്‍ ദീര്‍ഘകാല അവധിയിലുമാണ്. ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്നും ശമ്പളം നല്‍കിയാണ് ഒരു ടെക്‌നീഷ്യനെ നിയമിച്ചിരിക്കുന്നത്. പനി പടര്‍ന്നു പിടിക്കുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
Next Story

RELATED STORIES

Share it