kasaragod local

വടകര എസ്‌ഐ മര്‍ദിച്ച് കള്ളക്കേസെടുത്തെന്ന പരാതി: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടെ വടകര പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ മര്‍ദിച്ചു കള്ളക്കേസ് എടുത്തുവെന്ന റിട്ട. സിവില്‍ സര്‍ജന്റെ പരാതിയില്‍ കോഴിക്കോട് റൂറല്‍ എസ്പി നേരിട്ട് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.  കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിങിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കിയത്. സിറ്റിങില്‍ 98 പരാതികള്‍ പരിഗണിച്ചു.  പരിഗണിച്ച പരാതികളില്‍ 62 എണ്ണവും എന്‍ഡോസള്‍ഫാന്‍ ദുരിതവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. എന്‍ഡോസള്‍ഫാന്‍ പരാതികളില്‍ ലഭിച്ച റിപ്പോര്‍ട്ടുകളിലധികവും ഒരേപോലെയുള്ളതാണെന്നും ചിലതില്‍ പുനപരിശോധന ആവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. കുറച്ചുപേരെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷീരകര്‍ഷകന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചില്ലെന്ന പരാതിയില്‍ മില്‍മയോട് വിശദീകരണം ചോദിച്ചു. പനത്തടി പഞ്ചായത്തില്‍ കുളത്തിന്റെ മറവില്‍ ക്വാറി നിര്‍മിക്കുന്നുവെന്ന പരാതിയില്‍ ആര്‍ഡിഒ, ജിയോളജിസ്റ്റ്, പനത്തടി പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടു. കോടോംബേളൂര്‍ പഞ്ചായത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തപ്പോള്‍ ഏഴു കുടുംബങ്ങളെ ഒഴിവാക്കിയെന്ന പരാതിയില്‍ കാസര്‍കോട് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജില്‍ കന്നഡ പോസ്റ്റ് ഗ്രാജേറ്റ്, ബിരുദ കോഴ്‌സുകള്‍ അനുവദിക്കേണ്ടതാണെന്ന് സര്‍ക്കാരിരോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
Next Story

RELATED STORIES

Share it