kozhikode local

വടകര ആര്‍ടിഒയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസ് പരിശോധന

വടകര: ജൂണ്‍ 1 മുതല്‍ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ വടകരയിലെ സ്‌കൂള്‍ ബസുകളുടെ പ്രത്യേക പരിശോധന നടത്തി. റാണി പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് ആരംഭിച്ച പരിശോധന 3 മണിവരെ നീണ്ടു. പരിശോധനയ്ക്കായി എത്തിയ 70 ഓളം വാഹനങ്ങളില്‍ 10 വാഹനങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ നോട്ടീസ് നല്‍കി.  ടയര്‍ തേഞ്ഞതും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്തതും ചോര്‍ച്ചയുള്ള മേല്‍ക്കൂരയുള്ളതും പൊട്ടിപ്പൊളിഞ്ഞ ഫ്‌ളോര്‍ എന്നിവയുള്ളതുമായ വാഹനങ്ങള്‍, പ്രസ്തുത പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി.
പരിശോധനയില്‍ പാസായ വാഹനങ്ങള്‍ക്ക് പ്രത്യേക പരിശോധനാ സ്റ്റിക്കര്‍ നല്‍കി. ഫസ്റ്റ് എയ്ഡ് ബോക്‌സ്, അഗ്നിശമന ഉപകരണങ്ങള്‍ എന്നിവ കാലപഴക്കത്താല്‍ മാറ്റാറായവ പുതിയത് ഘടിപ്പിക്കാനും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിശോധന ആദ്യ വാഹനത്തിന് സ്റ്റിക്കര്‍ ഒട്ടിച്ചു കൊണ്ട് വടകര ആര്‍ടിഒ വിവി മധുസൂദനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  റാണി പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ വിആര്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
മെയ് 19ന് നാദാപുരത്ത് വച്ചും 23ന് കുറ്റിയാടി വച്ചും സ്‌കൂള്‍ ബസുകളുടെ പരിശോധന തുടരും. ഇവിടങ്ങളില്‍ പരിശോധനക്ക് നേതൃത്വം വഹിക്കുന്ന എംവിഐ രാജേഷ് 9895398627, എഎംവിഐ അസിം 9647737799 എന്നിവരെ ബന്ധപ്പെടേണ്ടതാണെന്ന് വടകര ആര്‍ടിഒ അറിയിച്ചു. ഏപ്രില്‍ 1ന് ശേഷം ഫിറ്റ്‌നെസ് ടെസ്റ്റ് പാസായ സ്‌കുള്‍ ബസുകള്‍ ഫിറ്റ്‌നസ് കാര്‍ഡ് കൊണ്ടു വന്നാല്‍ അത്തരം വാഹനങ്ങള്‍ക്ക് പതിക്കേണ്ടതായ സ്റ്റിക്കര്‍ നല്‍കുന്നതാണ്.
മെയ് 17 മുതല്‍ ഫിറ്റ്‌നസിന് വരുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് കാര്‍ഡിന്റെ കൂടെ പരിശോധന സ്റ്റിക്കര്‍ വിതരണം ചെയ്യും. ജൂണ്‍ 1 മുതല്‍ പരിശോധന സ്റ്റിക്കര്‍ പതിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സ്റ്റോപ്പ് മെമ്മോ അടക്കമുള്ള നിയമനടപടികള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആര്‍ടിഒ അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ബസുകളുടെ അപകടം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിശോധനകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്നത്.
Next Story

RELATED STORIES

Share it