kozhikode local

വടകരയില്‍ ഹര്‍ത്താല്‍ പൂര്‍ണംമൂന്ന് സമരാനുകൂലികളെ കസ്റ്റഡിയിലെടുത്തു

വടകര: സംസ്ഥാനത്ത് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വടകരയില്‍ പൂര്‍ണം. രാവിലെ ചില കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയതല്ലാതെ മറ്റു വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. 10 മണിയോടെ കെഎസ്ആര്‍ടിസി ബസ്സും സര്‍വീസ് നിര്‍ത്തിവച്ചു. ഇതോടെ ദീര്‍ഘദൂരത്ത് നിന്നുമെത്തിയ ചിലര്‍ വാഹനം ലഭിക്കാതെ വലഞ്ഞു.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മുതല്‍ വ്യാപാരികളടക്കമുള്ള സംഘടനകള്‍ സഹകരിക്കില്ലെന്ന് പറഞ്ഞെങ്കിലും ഇന്നലെ നഗരത്തിലെ എല്ലാ കടകളും അടഞ്ഞു തന്നെ കിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളെല്ലാം ഹര്‍ത്താലിനോട് സഹകരിച്ചു. നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം ഹാജര്‍ നില വളരെ കുറവായിരുന്നു. റോഡുകളില്‍ പെട്ടിക്കടകള്‍ പോലും തുറന്നില്ല. കടകമ്പോളങ്ങളും, ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റൊന്നും റോഡിലിറങ്ങിയില്ല.
അതേസമയം രാവിലെ തന്നെ ചില സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് സമരാനുകൂലികളെ വടകര പോലിസ് കസ്റ്റഡിയിലെടുത്തു. സിപിഐ എംഎല്‍ റെഡ്സ്റ്റാര്‍ പ്രവര്‍ത്തകരായ സ്റ്റാലിന്‍ വടകര, ആര്‍ കെ ബാബു, ശ്രേയാംസ് എന്നിവരെയാണ് പോലിസ് കരുതല്‍ തടങ്കലിലിട്ടത്. ഇവരെ വൈകീട്ട് 5 മണിയോടെ വിട്ടയക്കുകയും ചെയ്തു. പുറത്തിറങ്ങിയ ഇവര്‍ക്ക് സിപിഐ എംഎല്‍ റെഡ് സ്റ്റാര്‍ വടകര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണവും നഗരത്തില്‍ പ്രകടനവും നടത്തി.
പ്രകടത്തിന് പി കെ കിഷോര്‍, എ പി ഷാജിത്ത്, അരുണ്‍, ശ്രീജിത്ത് ഒഞ്ചിയം എന്നിവര്‍ നേതൃത്വം നല്‍കി.
ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി ടി കെ നജ്മല്‍, വി പി ദുല്‍ഖിഫില്‍, സഹീര്‍ കാന്തിലോട്ട്, പ്രഭിന്‍ പാക്കയില്‍, രജിത്ത് കോട്ടക്കടവ്, സുബിന്‍ മടപ്പള്ളി, രജനി എന്നിവര്‍ നേതൃത്വം നല്‍കി. റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ടികെ സിബി, ജി രതീഷ്, ടി പി മനീഷ്, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it