kozhikode local

വടകരയില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം : ഓഫിസുകള്‍ തകര്‍ത്തു



വടകര:  വടകരയില്‍ സിപിഎം -  ആര്‍എസ്എസ് സം ഘര്‍ ഷം.  സിപിഎം വടകര ഏരിയാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന എടോടിയിലെ കേളു ഏട്ടന്‍ -പിപി ശങ്കരന്‍ സ്മാരക മന്ദിരം കല്ലെറിഞ്ഞു തകര്‍ത്തു.  അക്രമം നടന്ന ഓഫിസിന് പോലിസ് കാവലേര്‍പെടുത്തി. വടകര ഡിവൈഎസ്പി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ ഓഫിസില്‍ പരിശോധന നടത്തി. പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. ഗോകുലം ടവര്‍, നടക്കുതാഴ സര്‍വീസ് സഹകരണ ബേങ്ക്, സിന്‍ഡിക്കേറ്റ് ബേങ്ക് എന്നിവിടങ്ങളിലെ ക്യാമറകള്‍ പരിശോധിക്കാനായി പോലിസ് നടപടികള്‍ ആരംഭിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി പ്രകാരം അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി പറഞ്ഞു. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ ഡല്‍ഹിയിലുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വടകരയില്‍ നടന്ന പ്രകടനത്തിനിടയില്‍ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് സിപിഎം ഓഫിസിനു നേരെയുണ്ടായ അതിക്രമമെന്നു കരുതുന്നു. അക്രമത്തിനിരയായ ഓഫിസ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം കെപി കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ സന്ദര്‍ശിച്ചു. പ്രതിഷേധ യോഗത്തില്‍ പികെ ദിവാകരന്‍, സിപിഐ മണ്ഡലം സെക്രട്ടറി ആര്‍ സത്യന്‍, ടികെ കുഞ്ഞിരാമന്‍, കെ പുഷ്പ, വി ഗോപാലന്‍, ഇഎം ബാലകൃഷ്ണന്‍, ഇപി ദാമോദരന്‍, സികെ കരീം, ടിവി ബാലകൃഷ്ണന്‍ സംസാരിച്ചു. സിപിഎം ഓഫിസിന് പിന്നാലെ ആര്‍എസ്എസ് ഓഫിസനു നേരെയും അക്രമം. നാരായണ നഗറിലെ ആര്‍എസ്എസ് കാര്യാലയമായ ഹെഡ്‌ഗേവാര്‍ ഭവന് നേരെയാണ് ഇന്നലെ വൈകീട്ട് ആറരയോടെ അക്രമമുണ്ടായത്.  ആര്‍എസ്എസ് ഓഫിസിന് മുന്നില്‍ നിന്നും സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. പോലിസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ മാറ്റിയത്. കല്ലേറില്‍ പരിക്കേറ്റ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു പാക്കയില്‍ (32), നിധീഷ് മാങ്ങില്‍കൈ (27), അനന്ദു പുതുപ്പണം (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതിന് പ്രതികാരമെന്നോണം കരിമ്പനപാലം കണ്ണങ്കുഴിയിലെ ഡിവൈഎഫ്‌ഐയുടെ യുവധാര ക്ലബ്ബിന് തീയിട്ടു. സംഘര്‍ഷാവസ്ഥ ഉടലെടുത്തത് കാരണം വടകര ഡിവൈഎസ്പി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it