kozhikode local

വടകരയില്‍ പാരലല്‍ സര്‍വീസിനെതിരേയുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കും: ബസ് ഓപറേറ്റേഴ്‌സ്‌

വടകര: ബസ് സര്‍വീസിന് സമാന്തരമായി നടത്തുന്ന പാരലല്‍ സര്‍വ്വീസിനെതിരെ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നിന്ന് നേടിയ ഉത്തരവ് നടപ്പിലാക്കണമെന്ന് വടകര പ്രൈവറ്റ് ബസ് ഓപററ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വടകരയില്‍ നിന്നും തൊട്ടില്‍പാലം, കൊയിലാണ്ടി, ആയഞ്ചേരി, പേരാമ്പ്ര, കുന്നുമ്മക്കര, മണിയൂര്‍ തുടങ്ങി 26 ഓളം സ്ഥലങ്ങളിലേക്കാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ ഈ റൂട്ടുകളിലെല്ലാം തന്നെ ബസുകള്‍ക്ക് മുന്നിലും പിന്നിലുമായും, ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചും യാത്രക്കാരെ വിളിച്ച് ബസ് ചാര്‍ജ് വാങ്ങിച്ച് കൊണ്ടാണ് ഓട്ടോറിക്ഷ, കോള്‍ ടാക്‌സി, ജീപ്പ് എന്നിവ സര്‍വ്വീസ് നടത്തുന്നത്. ഇത് ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കും നിലനില്‍പ് ഭീഷണി വന്നതോടെയും, ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മെയ് 25 നായിരുന്നു ഹൈക്കോടതി ഉത്തരവ് വന്നത്. ഈ ഉത്തരവ് ജൂണ്‍ മാസത്തോടെ അസോസിയേഷന് ലഭിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ജില്ലാ കലക്ടര്‍, വടകര ആര്‍ടിഒ, റൂറല്‍ എസ്പി, വടകര മുനിസിപ്പല്‍ സെക്രട്ടറി, വടകര-പയ്യോളി-നാദാപുരം സിഐ മാര്‍ എന്നിവര്‍ക്ക് ഹാജരാക്കിയിരുന്നു.
എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരു നടപടി എടുത്തിട്ടില്ല. ഉത്തരവ് ലഭിച്ചിട്ടും നടപടിയെടുക്കാതെ ഈ സമാപനമാണ് ഉദ്യോഗസ്ഥരുടേതെങ്കില്‍ വീണ്ടും നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മേല്‍പറഞ്ഞ റൂട്ടുകളിലായി 200 ഓളം ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ തന്നെ ആയിരത്തോളം തൊഴിലാളികളാണുള്ളത്. ബസ് സര്‍വ്വീസിനോടൊപ്പം തന്നെ മറ്റു വാഹനങ്ങളും സര്‍വീസ് നടത്തുന്നതോടെ ബസ് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഈ പ്രശ്‌നം ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം വടകര തഹസില്‍ദാറുടെ നേതൃത്വത്തില്‍ ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും ബസ് അസോസിയേഷന്‍ പ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. പാരലല്‍ സര്‍വ്വീസ് അവസാനിപ്പിക്കും, പരാതികള്‍ ലഭിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കും, വിവിധ റൂട്ടുകളില്‍ പരിശോധന നടത്താനും തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ യോഗത്തിലെ തീരുമാനവും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മാത്രമല്ല ഇത് സംബന്ധിച്ച് പല തവണ വടകര ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
പല സ്ഥലങ്ങളിലും സ്റ്റാന്‍ഡ് പോലുമില്ലാതെയാണ് ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് പോലും ഇല്ല. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ബസുകാരെ പിഴിയുന്ന സാഹചര്യമാണ് നിലിവുള്ളതെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെകെ ഗോപാലന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ടിഎം ദാമോദരന്‍, വൈസ് പ്രസിഡന്റ് വിവി പ്രസീത് ബാബു, ഇസി കുഞ്ഞമ്മദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it