kozhikode local

വടകരയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു; ജാഗ്രതാ നിര്‍ദേശം

വടകര: പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വടകരയില്‍ ഒരു സ്ത്രീയ്ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. പഴങ്കാവ് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ഡെങ്കി പനി ബാധിച്ച് വടകര സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. യുവതിയുടെ ഭര്‍തൃവീടായ കുരിക്കിലാട് നിന്നാണ് പനി ബാധിച്ച് പഴങ്കാവില്‍ എത്തിയത്.
ഡെങ്കി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പഴങ്കാവ് നാലാം വാര്‍ഡിലും, പരിസര വാര്‍ഡുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ അജിത്തിന്റെ നേതൃത്വത്തില്‍ പരിസര പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തുകയും, കൊതുക് നശീകരണത്തിനായി മരുന്ന് തളിക്കുകയും ചെയ്തു.
ശുദ്ധ ജലത്തിലുള്ള കൊതുക് പകര്‍ത്തുന്ന രോഗമായതിനാല്‍ കിണറുകളില്‍ ക്‌ളോറിനേഷന്‍ അടക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ പറഞ്ഞു. തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതു ശുചീകരണം നടത്തും.
നാളെ എന്‍ആര്‍എച്ച്എം കമ്മറ്റിയും, വാര്‍ഡ്തല സാനിറ്ററേഷന്‍ കമ്മറ്റിയുടേയും നേതൃത്വത്തില്‍ നഗര പരിധിയിലെ 47 വാര്‍ഡുകളിലും ശുചീകരണം നടക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് ന്യുനതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി 6 ന് വൈകീട്ട് മൂന്ന് മണിക്ക് കെട്ടിട ഉടമകളുടെ യോഗം നഗരസഭാ ഓഫീസില്‍ ചേരും.
നഗര പരിധിയില്‍ നിരവധി കെട്ടിടങ്ങളില്‍ യാതൊരു സംവിധാനങ്ങളുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്നുണ്ട്.
എന്നാല്‍ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താനോ, നടപടി സ്വീകരിക്കാനോ നഗരസഭ തയ്യാറായിട്ടില്ല. അതേസമയം ജില്ലയില്‍ നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ രോഗവ്യാപനം നിയന്ത്രിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്ന് പല കോണുകളില്‍ നിന്നും നിര്‍ദേശയമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it