kozhikode local

വടകരയില്‍ ചിത്രം തെളിഞ്ഞു; ഇക്കുറി പോരാട്ടത്തിന് ചൂടേറും

പി സി അബ്ദുല്ല

വടകര: ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ വടകരയില്‍ പോര്‍മുഖം തെളിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവചനാതീതമായ മല്‍സരത്തിനാണ് ഇക്കുറി കടത്തനാടിന്റെ ഹൃദയ ഭൂമിയില്‍ കളമൊരുങ്ങുന്നത്. ഇരുമുന്നണികളിലും രണ്ടു ജനതാദള്‍ പ്രതിനിധികളാണ് ഏറ്റുമുട്ടുന്നത്.
ജെഡിയു(യുഡിഎഫ്) സ്ഥാനാര്‍ഥിയായി മനയത്ത് ചന്ദ്രനും, ജെഡിഎസ്(എല്‍ഡിഎഫ്)സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംഎല്‍എ സി കെ നാണുവും ജനവിധി തേടുമ്പോള്‍ കടുത്ത ത്രികോണ മത്സരത്തിന് വേദിയൊരുക്കി ആര്‍എംപി നേതാവും ടിപിയുടെ വിധവയുമായ കെകെ രമയും രംഗത്തുണ്ട്.
കോഴിക്കോട് ജില്ലയില്‍ ശക്തമായ ത്രികോണ മല്‍സരം അരങ്ങേറുന്ന ഏക മണ്ഡലം വടകരയാണ്. ഇരു ജനതാദള്ളിലും സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് പ്രഖ്യാപനം നീണ്ടു പോയത് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനിടയില്‍ കെ കെ രമ പ്രചാരണത്തില്‍ ഏറെ മുന്നേറുകയും ചെയ്തു. 2011ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണ് വടകര. സി കെ നാണുവിന് 847 വോട്ടു മാത്രമാണ് അധികം ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ടിക്കറ്റില്‍ സി കെ നാണുവിനെ നേരിട്ട അഡ്വ എംകെ പ്രേംനാഥ് ഇക്കുറി ജെഡിഎസിലാണ്. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ തട്ടകത്തില്‍ കെ കെ രമ മത്സര രംഗത്തുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രമയുടെ സ്ഥാനാര്‍തിത്വം ഇരു മുന്നണികള്‍ക്കും ഭീഷണിയാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചീയത്തുള്‍പ്പടെ ആര്‍എംപിക്ക് മുന്നേറ്റം കാഴ്ചവെക്കാനായില്ലെന്നതും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സി കെ നാണു ഇത് നാലാം തവണയാണ് വടകരയില്‍ ജനവിധി തേടുന്നത്. നേരത്തെ മൂന്ന് തവണയും വിജയിച്ച നാണുവിന് ഇക്കുറി അഭിമാന പോരാട്ടം തന്നെ. ജെഡിയു നേതാവും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ മനയത്ത് ചന്ദ്രന് ഇത് കന്നിയങ്കമാണ്. വിദ്യാര്‍വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് മനയത്ത് പൊതു രംഗത്തെത്തിയത്. അടിയിരാവസ്ഥക്ക് ശേഷം കേരള വിദ്യാര്‍ഥി ജനത വടകര താലൂക്ക് പ്രസിഡന്റായി. 1977 ല്‍ യൂനിവേഴ്‌സിറ്റി യൂണിയന്‍ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍, വിദ്യാര്‍ഥി ജനത സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ഏറാമല പഞ്ചായത്ത് പ്രസിഡന്റ്, 1985 മുതല്‍ നിയോജക മണ്ഡലം പ്രസിഡണ്ട്, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മെമ്പര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ ഏറാമല സഹകരണ ബാങ്ക് ഡയരക്ടര്‍, വൈസ് പ്രസിഡന്റ്, 1990 മുതല്‍ ജില്ലാ ബാങ്ക് ഡയരക്ടര്‍, വൈസ് പ്രസിഡന്റ്, 2012ല്‍ കേരാഫെഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ജെഡിയു ജില്ലാ പ്രസിഡന്റാണ്. വടകരയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഴിയൂര്‍ പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കുകയും വടകര നഗരസഭയിലുള്‍പ്പടെ നിര്‍ണായക മുന്നേറ്റം നടത്തുകയും ചെയ്ത എസ്ഡിപിഐയുടെ സ്ഥാനാര്‍ഥി കൂടി രംഗത്തെത്തുന്നതോടെ കനത്ത ചതുഷ്‌കോണ മത്സരത്തിനാണ് വടകരയില്‍ സാധ്യത തെളിയുന്നത്.
Next Story

RELATED STORIES

Share it