Flash News

വടകരയില്‍ കെ കെ രമ മല്‍സരിക്കും

പി സി അബ്ദുല്ല

വടകര: ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിപിയുടെ വിധവ കെ കെ രമ വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയാവും. ഇന്ന് കോഴിക്കോട് ചേരുന്ന ആര്‍എംപി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രമയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യും. അടുത്തയാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പ്രഖ്യാപനമുണ്ടാവൂ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി എന്‍ വേണുവാണ് മത്സരിച്ചത്. വേണുവിന് 10,098 വോട്ടു ലഭിച്ചു. ഇരുമുന്നണികള്‍ക്കുമെതിരെ ടിപി വധക്കേസ് സജീവ ചര്‍ച്ചയാക്കുകയെന്നതാണ് രമയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ആര്‍എംപി ലക്ഷ്യമിടുന്നത്. സിപിഎം സമ്മര്‍ദ്ദത്തിനു വഴങ്ങി ടിപി വധ ഗൂഢാലോചന കേസും സിബിഐ അന്വേഷണവും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന ആരോപണം തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണമാക്കാനാണ് തീരുമാനം.

[related]
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ടിപിയുടെ തട്ടകമായ ഒഞ്ചിയത്ത് ഉള്‍പ്പെടെ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ആര്‍എംപിക്ക് കഴിഞ്ഞിരുന്നില്ല, എന്നു മാത്രമല്ല, 2010ല്‍ ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തനിച്ച് അധികാരത്തില്‍ എത്തിയ ആര്‍എംപിക്ക് ഇത്തവണ രണ്ട് സീറ്റ് നഷ്ടമാവുകയും ചെയ്തു. മുസ്‌ലിം ലീഗിന്റെ പുറമെ നിന്നുള്ള പിന്തുണയോടെയാണ് ഒഞ്ചിയത്ത് ഇപ്പോള്‍ ആര്‍എംപി ഭരണം നടത്തുന്നത്.
ഒഞ്ചിയത്ത് തനിച്ച് ഭരണം നഷ്ടമായതും പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സിപിഎം തിരിച്ചെത്തിയതും ആര്‍എംപിയുടെ രാഷ്ട്രീയ ഭാവിക്ക് മങ്ങലേല്‍പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകര മേഖലയില്‍ ആര്‍എംപി യുഡിഎഫുമായി രഹസ്യ ധാരണയിലേര്‍പ്പെട്ടുവെന്ന ആരോപണം ബലപ്പെട്ടതോടെ അണികളിലെ നിര്‍ജീവതയ്ക്ക് ആക്കം കൂടുകയും ചെയ്തു.ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനും അണികളെ സജീവമാക്കാനുമുള്ള അവസരമായാണ് രമയുടെ സ്ഥാനാര്‍ഥിത്വത്തെ പാര്‍ട്ടി വിലയിരുത്തുന്നത്.
കെ കെ രമ മത്സരത്തിന് എത്തുന്നതോടെ കനത്ത ചതുഷ്‌കോണ മത്സരത്തിനാണ് വടകരയില്‍ അരങ്ങുണരുക. 2011ല്‍ 847 വോട്ടിനു വിജയിച്ച സി കെ നാണു(ജെഡിഎസ്) തന്നെയാവും ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജെഡിയു നേതാവ് മനയത്ത് ചന്ദ്രന്റെ പേരിനാണ് യുഡിഎഫ് പക്ഷത്ത് പ്രാമുഖ്യം. വടകര നഗരസഭയില്‍ ഇത്തവണ ആദ്യമായി രണ്ടു സീറ്റില്‍ വിജയിച്ച ആവേശത്തില്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിയും നല്ല മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തല്‍.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ വരവിനെയും മുന്നണികള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ഓരോ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കാര്യവും ഇന്ന് ആര്‍എംപി സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it