kozhikode local

വടകരയില്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍

വടകര: ഒന്നര മാസം നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം നടന്ന പോളിങ് ആരെ തുണക്കുമെന്നറിയാതെ കൂട്ടിയും കിഴിച്ചും മുന്നണികള്‍.
വിജയപ്രതീക്ഷയില്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥികള്‍ നെഞ്ചിടിപ്പുമായാണ് നേരം പിന്നിടുന്നത്. പത്തൊമ്പതിന് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തുറക്കുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റുമോ എന്ന ആശങ്ക പരന്നു കഴിഞ്ഞു.
വടകര മണ്ഡലത്തില്‍ ഉയര്‍ന്ന വോട്ടിങ് നിലയാണ് മുന്നണികളേയും സ്ഥാനാര്‍ഥികളേയും ഒരുപോലെ ഉല്‍ക്കണ്ഠയിലാഴ്ത്തിയിരിക്കുന്നത്. കണക്കു പ്രകാരം യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ അനായാസേന ജയിച്ചുകയറുമെന്നാണ് ഏവരും കരുതുന്നതെങ്കില്‍ വ്യക്തിപ്രഭാവം കൊണ്ട് ഇടതു സ്ഥാനാര്‍ഥി സി കെ നാണു വിജയം ഉറപ്പാക്കിയ മട്ടായിരുന്നു. എന്നാല്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമയുടെ സാന്നിധ്യം കണക്കൂകൂട്ടലുകള്‍ ആകെ തെറ്റിച്ചിരിക്കുകയാണ്. രമ നല്ല വോട്ട് പിടിച്ചതായാണ് പൊതുവിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇത് ആര്‍ക്കൊക്കെ ദോഷം ചെയ്യുമെന്നാണ് ചോദ്യം.
വടകരയില്‍ 82 ശതമാനം പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ രണ്ടു ശതമാനം അധികാണ് പോളിങ്.
അവസാന നിമിഷങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ പ്രവര്‍ത്തനമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അതുകൊണ്ടുതന്നെ വലിയ വിജയം നേടുമെന്ന ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്നും സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ പറഞ്ഞു. മുന്നണിയുടെ 90 ശതമാനം വോട്ടുകള്‍ വിജയശതമാനം ഉയരാനുള്ള കാരണമാകും. ചെറിയ വോട്ടിന്റെ മാര്‍ജിനില്‍ ഇടതുമുന്നണി വിജയം നേടുമെന്നാണ് സ്ഥാനാര്‍ഥി സി കെ നാണു പറയുന്നത്.
ഉയര്‍ന്ന പോളിങ് ശതമാനം അട്ടിമറിയാകുമോ എന്ന കാര്യം പറയാനാകില്ല. ഇടതുമുന്നണിയുടെ എല്ലാ വോട്ടുകളും ചെയ്യിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന പോളിങ് ശതമാനം നിഷ്പക്ഷവോട്ടുകള്‍ പോള്‍ചെയ്തതു കാരണമാണെന്ന് ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമ അഭിപ്രായപ്പെട്ടു. ടിപി വധത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ജനം അക്രമരാഷ്ട്രീയത്തിനെതിരേ വിധിയെഴുതിയതാണ് ഇതിന് കാരണം. അപരകളെ ഇറക്കിയും അക്രമത്തിലൂടെയും ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വടകരയിലെ ജനം വിധിയെഴുതുമെന്നും രമ പറഞ്ഞു.
Next Story

RELATED STORIES

Share it