Kozhikode

വടകരയില്‍ ഐ.എന്‍.എല്‍. ഇടതുമുന്നണി വിട്ടു

വടകര: നഗരസഭയില്‍ ഇടതുമുന്നണിയുമായി വര്‍ഷങ്ങളായുള്ള ബന്ധം ഐ.എന്‍.എല്‍.  ഉപേക്ഷിച്ചു. ഈ തിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള വാര്‍ഡുകളില്‍ തനിച്ചു മല്‍സരിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍ മണ്ഡലം പ്രസിഡന്റ് മുക്കോലക്കല്‍ ഹംസ അറിയിച്ചു.സി.പി.എമ്മിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഐ.എന്‍.എല്‍. നഗരസഭയില്‍ മുന്നണി ബന്ധം ഉപേക്ഷിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ട വാര്‍ഡുകള്‍ അനുവതിക്കാതെ വിജയസാധ്യതയില്ലാത്ത അഞ്ച് വാര്‍ഡുകള്‍ അടിച്ചേല്‍പ്പിക്കുകയാണ് സി.പി.എം. ചെയ്തതെന്ന് ഐ.എന്‍.എല്‍. നേതാക്കള്‍ പറഞ്ഞു.മുഖച്ചേരി, മുക്കോല, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, അഴിത്തല വാര്‍ഡുകളാണ് ഇടതു മുന്നണി ഐ.എന്‍.എല്ലിനു നീക്കി വച്ചത്. ഇതിനു പുറമെ വിജയ സാധ്യതയുള്ള 19ാം വാര്‍ഡും വീരഞ്ചേരിയും അനുവതിക്കാമെന്നായിരുന്നു നാഷണല്‍ ലീഗിന്റെ ആവശ്യം. എന്നാല്‍   സി.പി.എം വഴങ്ങിയില്ല.

2005ല്‍ ഇടത് പിന്തുണയോടെ നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ ഐ.എന്‍.എല്‍. വിജയിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ഇടതു മുന്നണിക്ക് പിന്തുണ നല്‍കുകയായിരുന്നു.    നഗരസഭയിലെ ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും വൈസ് ചെയര്‍മാന്‍, ജോയിന്റ് കണ്‍വീനര്‍ സ്ഥാനങ്ങള്‍ ഐ.എന്‍.എല്‍. പ്രതിനിധികള്‍ രാജി വച്ചു. വടകര നഗരസഭയില്‍ ഇടതു മുന്നണി ഐ.എന്‍.എല്‍. ബന്ധം ഉപേക്ഷിച്ചത് സമീപ പഞ്ചായത്തുകളിലും പ്രതിഫലിക്കും. ചോറോട്, അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ഐ.എന്‍.എലിനു സ്വാധീനമുണ്ട്.
Next Story

RELATED STORIES

Share it