kozhikode local

വടകരയില്‍ ഇ-വേസ്റ്റ് സമ്പത്താക്കി മാറ്റാന്‍ റിപ്പയര്‍ ആന്റ് സ്വാപ്പ് ഷോപ്പ്‌

വടകര: നഗരസഭയിലെ സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന അജൈവ പാഴ്‌വസ്തുക്കള്‍ തരംതിരിച്ച് പല ഉല്‍പ്പന്നങ്ങളും റിപ്പയര്‍ ചെയ്ത് പുനരുപയോഗത്തിനായി ഒരുക്കുകയാണ് ഹരിയാലി ഹരിത കര്‍മസേനാംഗങ്ങള്‍. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍ പലതും ചെറിയ റിപ്പയിറിങിന് ശേഷം വീണ്ടും ഉപയോഗിക്കാന്‍ പര്യാപ്തമായവയാണ്.
എന്നാല്‍ നമ്മളില്‍ പലരും ഇത്തരം ഉല്‍പ്പനങ്ങള്‍ പൊതുവഴിയില്‍ തള്ളുകയാണ് പതിവ്. സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായി മാലിന്യം ശേഖരിച്ചപ്പോള്‍ ആയിരകണക്കിന് എല്‍ഇഡി ബള്‍ബുകളും എമര്‍ജന്‍സി ലൈറ്റുകളും ടോര്‍ച്ചുകളും കൊതുകിനെ കൊല്ലുന്ന ബാറ്റുകളും ക്ലോക്കുകളും കംപ്യൂട്ടറിന്റെ അവശേഷിപ്പുകള്‍, മൊബൈല്‍ ഫോണ്‍, ടിവി എന്നിവ ലഭിച്ചു.
ഇതുവരെ ലഭിച്ച 25 ചാക്ക് എല്‍ഇഡി ബള്‍ബുകളില്‍ പകുതിയും പരിശോധിച്ചപ്പോള്‍ കത്തുന്നവയാണ്. ബാക്കിയുള്ളവയ്ക്ക് ചെറിയ റിപ്പയര്‍ വര്‍ക്കുകള്‍ മാത്രമേയുള്ളു. ലഭിച്ച ടിവിയില്‍ ഒന്നുതട്ടിമുട്ടിനോക്കിയപ്പോള്‍ ഒരുകംപ്ലയിന്റുമില്ല. ഇതോടെ ടിവിയില്ലാത്ത ഹരിത കര്‍മസേനാംഗമായ ചന്ദ്രികക്ക് നല്‍കുകയും ചെയ്തു. 27 പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളും ലഭിച്ചു. സ്വിച്ച്‌ബോര്‍ഡുകള്‍, പ്ലംബിംഗ് സാധനങ്ങള്‍ എന്നിവയില്‍ പലതും പാവങ്ങള്‍ക്ക് വീട് നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്.
ഈ പാഴ്‌വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാന്‍വേണ്ടി വടകര മോഡല്‍ പോളി ടെക്‌നിക്കിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ കുട്ടികളും അധ്യാപകരും സന്നദ്ധരായിട്ടുണ്ട്. 30 വിദ്യാര്‍ഥികളെ മൂന്ന് ബാച്ചാക്കി ഒരുബാച്ച് എല്‍ഇഡി ബള്‍ബുകളും രണ്ടാമത്തെ ബാച്ച് എമര്‍ജന്‍സിയും കൊതുക്ബാറ്റും മൂന്നാമത്തെ ബാച്ച് കംപ്യൂട്ടര്‍, മിക്‌സി റിപ്പയറിങും നടത്തി വടകരയിലെ ജനങ്ങള്‍ക്ക് പുനരുപയോഗിക്കാന്‍ നല്‍കും. ഇതിനായി പഴയ ബസ്സ്റ്റാന്‍ഡിലെ ദ്വാരകാ ബില്‍ഡിങില്‍ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്ന നിര്‍മാണ വിതരണ കേന്ദ്രത്തില്‍ റിപ്പയര്‍ ആന്‍ഡ് സ്വാപ്പ് ഷോപ്പ് ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ നേരത്തെ റെക്‌സിന്‍, ലതര്‍, ബാഗുകള്‍ക്ക് ബദലായുള്ള തുണികൊണ്ടുള്ള പേഴ്‌സ്, സഞ്ചി, സ്‌കൂള്‍ ബാഗ്, കോളേജ് ബാഗ്, ട്രാവല്‍ ബാഗ് തുടങ്ങിയവ നിര്‍മിക്കുന്ന ഗ്രീന്‍ഷോപ്പ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ശേഖരണം തുടങ്ങിയത്.
Next Story

RELATED STORIES

Share it