kozhikode local

വടകരയില്‍ ഇരുമുന്നണികളിലും സ്ഥാനാര്‍ഥിയെ ചൊല്ലി ഭിന്നത

വടകര: ഏറെ പോരാട്ട വീര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കടത്തനാടിന്റെ മണ്ണില്‍ മുന്നണി പ്രശ്‌നങ്ങള്‍ക്കിടയിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാട്ടം കനക്കും. ഇടത്തോട്ടെന്ന വടകരയുടെ ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിയുമോയെന്ന വലതിന്റെ വിശ്വാസവും പിടിച്ചടക്കുമെന്ന ഇടതിന്റെ ആത്മവിശ്വാസവും മുന്നണി പ്രശ്‌നങ്ങള്‍ക്കിടയില്‍ കൂച്ചു വിലങ്ങിടുകയാണ്.
തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും വാല്‍ത്തലപ്പുകളാല്‍ വീരചരിത്രം എഴുതിയ കടത്തനാട്ടില്‍ അങ്കച്ചേകവ സ്ഥാനം പിടിച്ചടക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരു മുന്നണിയിലെയും മുതിര്‍ന്ന നേതാക്കള്‍. ഇതിനായി പിന്നില്‍ നിന്നുള്ള ചരടു വലികള്‍ നേതാക്കള്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ചില നേതാക്കളുടെ പേരു മാത്രം വളരെ ഉച്ചത്തില്‍ വന്നതോടെ മറ്റു ചിലരുടെ തനി സ്വഭാവവും പുറത്തേക്കൊഴുകുന്ന കാഴ്ചയാണ് വടകരക്കാര്‍ ഇപ്പോള്‍ കാണുന്നത്.
യുഡിഎഫ്-എല്‍ഡിഎഫ് സാധാരണ മുന്നണികളായ ജെഡിഎസ്-ജെഡിയു വിന് സംവരണം ചെയ്ത സീറ്റാണ് വടകര. കഴിഞ്ഞ തവണ മത്സരിച്ച് ജില്ലയില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയെങ്കിലും വിജയം കൊയ്യാന്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ നാണുവിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിലയരുത്തുമ്പോള്‍ യുഡിഎഫിനാണ് സാധ്യത കാണുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയിയാരുന്ന എം.കെ പ്രേംനാഥ് തിരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.എസിലേക്ക് തിരിച്ചു പോവുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ജെഡിഎസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി.കെ നാണുവിനോടൊപ്പം പ്രേംനാഥിനെയും പരിഗണിക്കണമെന്ന ആവശ്യം വന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജൈഡിഎസില്‍ തര്‍ക്കത്തിലേക്കെത്തി.
ജെഡിയുവില്‍ ഇതിലും രൂക്ഷമായാണ് തര്‍ക്കം നടക്കുന്നത്. ഇടതിന്റെ സ്ഥാനാര്‍ത്ഥിയായി സി.കെ നാണുവിന്റെ പേര് വന്നതോടെ മനയത്ത് ചന്ദ്രനെ കളത്തിറക്കി മത്സരിക്കാനായിരുന്നു ജെഡിയുവിന്റെ ശ്രമം. എന്നാല്‍ മറ്റു നേതാക്കള്‍ കൂടി രംഗത്ത് വന്നതോടെ പ്രശ്‌നം ഉടലെടുത്തു. സംസ്ഥാന സെക്രട്ടറി ഭാസ്‌കരന്‍ മാസ്റ്ററുടെ പേരു കൂടി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. മാത്രമല്ല മന്ത്രി കെ.പി മോഹനനെ വടകരയില്‍ മത്സരിപ്പിക്കാനുള്ള നീക്കവും ജെഡിയുവില്‍ നടക്കുന്നുണ്ട്.
മുന്നണികളിള്‍ ഉടലെടുത്തിട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വിഭാഗീയതകള്‍ തിരഞ്ഞെടുപ്പിലും ബാധിക്കുമെന്നുള്ള കാര്യത്തില്‍ ആശങ്ക കൂടുതലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്ന പിന്നിലെ ചരട് വലികള്‍ പകല്‍ പോലെ വെളിച്ചത്തു വന്ന കാര്യമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്‌നത്തില്‍ ഇരുമുന്നണികളിലെയും സംസ്ഥാന ജില്ലാ നേതാക്കള്‍ ഇടപെട്ടിട്ടും തര്‍ക്കങ്ങള്‍ക്ക് അയവരു വരാതെ നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ച് നടന്ന ജെഡിഎസിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലും വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു തീരുമാനവും വന്നിട്ടില്ല. മറ്റു ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിട്ടും വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയില്‍ ആരൊക്കെയാണ് മത്സര രംഗത്തേക്ക് കടന്നു വരികയെന്ന ആകാംശയിലാണ് വടകരക്കാര്‍.
Next Story

RELATED STORIES

Share it