kozhikode local

വടകരയില്‍ അക്രമം തുടരുന്നു ; 8 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍



വടകര: തിരുവള്ളൂര്‍ -തോടന്നൂര്‍ ഭാഗങ്ങളില്‍ സിപിഎമ്മിന്റെ ഓഫീസുകള്‍ കത്തിക്കുകയും അക്രമിക്കുകയും ചെയ്ത കേസില്‍ 8 മുസിലിം ലീഗ് പ്രവര്‍ത്തകരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂരില്‍ സ്വദേശികളായ പുതിയോട്ട് പൊയില്‍ ഹൗസില്‍ ഹാരിസ്(28), കണ്ടിയില്‍ ഹൗസില്‍ സാജിദ്(29), പുറേരി ഹൗസില്‍ മുഹമ്മദ് മുഹ്‌സി ന്‍(20), കോയിപ്പള്ളി ഹൗസില്‍ മുഹമ്മദ് ഹാസിര്‍(20), പുല്ലാഞ്ഞിക്കണ്ടി ഹൗസില്‍ മുഹമ്മദ് ജാസിം(24), കട്ടിലേരി ഹൗസില്‍ അബ്ദുറഹിമാന്‍(25), തോടന്നൂര്‍ സ്വദേശികളായ നടുകണ്ടിയില്‍ മുഹമ്മദ് റാഫി(28), ഇത്തിള്‍ കുന്നുമ്മല്‍ ഹൗസില്‍ ജൈസല്‍(27) എന്നീ ലീഗ് പ്രവര്‍ത്തകരെയാണ് വടകര ഡിവൈഎസ്പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ലീഗ് ഓഫീസുകള്‍ അക്രമിച്ച കേസുകളില്‍ പിടികൂടിയ 10 സിപിഎം പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റി. സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന വടകരയില്‍ അക്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയ സിപിഎം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായ ശശിമാസ്റ്ററുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവിന്റെ കാറിന് നേരെ കല്ലേറി നടത്തി. കല്ലേറില്‍ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. കൂടാതെ സിപിഎം നേതാവും മുന്‍ കൗണ്‍സിലറുമായി കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും കല്ലേറ് നടന്നിട്ടുണ്ട്. അക്രമം നടന്ന വടകരയില്‍ പൊലീസ് നിതാന്ത ജാഗ്രതയിലാണ്. മറ്റു കേസുകളിലെ പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. വടകരയിലും പരിസര പ്രദേശങ്ങളിലും അക്രമങ്ങള്‍ തടയാനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it