kozhikode local

വടകരയിലെ പ്രശ്‌നങ്ങളില്‍ പോലിസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന്

വടകര: വടകരയിലെ വിവിധ കേസുകളിലും വലിയ തോതിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൊക്കെ പോലിസിന്റെ ഇടപെടല്‍ കാര്യക്ഷമതയില്ലാത്തതു പോലെയെന്ന് വിവിധ മേഖലയില്‍ നിന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിലും പോലിസിന്റെ ഇടപെടലിനെതിരെ വലിയ തോതിലുള്ള വിവാദത്തിന് കാരണമായിട്ടുണ്ട്.
വടകരയില്‍ പോലിസ് രാത്രികാലങ്ങളിലെ പെട്രോളിഗിനായി ഇറങ്ങുന്ന എസ്‌ഐ അടക്കമുള്ളവര്‍ കാരണമില്ലാതെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ പിടിച്ചു കൊണ്ടുപോയും മര്‍ദ്ദിച്ചതായും പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. പകല്‍ സമയത്ത് ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ രാത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള പോലിസ് നടപടി. മാത്രമല്ല ഹെല്‍മെറ്റ് പരിശോധനയില്‍ വലിയ തോതിലുള്ള പിഴവുകളാണ് വടകര പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹെല്‍മെറ്റിലാതെ പിടിക്കപ്പെട്ടവരില്‍ നിന്ന് തോന്നുന്ന പിഴയാണ് ചുമത്തുന്നത്. ഹെല്‍മെറ്റ് ഇടാതെ ബൈക്കുമായി എത്തുന്ന വിദ്യാര്‍ഥികളെ പിഴക്കു പുറമെ പോലിസ് സ്‌റ്റേഷന്‍ വളപ്പിലെ കോണിപ്പടിയില്‍ ഇരുന്ന് വന്‍ ഇംപോസിഷനും നല്‍കാറുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവവും പോലിസിന്റെ വീഴ്ച തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. സംഭവസ്ഥലം ഏതാണെന്നോ എന്താണ് സംഭവിച്ചതെന്നോ മനസ്സിലാക്കാതെ ഇവരെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയാണ് ചെയ്തത്. മാത്രമല്ല ജനങ്ങളുടെ മുന്നില്‍ അനാശാസ്യം നടന്നെന്ന് തോന്നുന്ന രീതിയിലാണ് പോലിസിന്റെ ഇടപെടലും. അത്തരമൊരു സംഭവം ഒഴിവാക്കാന്‍ പോലിസിന് വിവിധ വഴികളുണ്ടായിരിക്കെ 12 മുതല്‍ 5 മണിവരെ സ്‌റ്റേഷന്‍ വളപ്പില്‍ സംഭവത്തിന് കൊഴിപ്പുകൂട്ടുയാണെന്ന് തോന്നിപ്പോകുന്ന അവസ്ഥയാണ് ഇന്നലെ അരങ്ങേറിയത്.
മാത്രമല്ല സംഭവം റിപ്പോര്‍ട്ട് ചെയാനെത്തിയ മാധ്യമ പ്രവര്‍ത്തകരോടും ചില പോലിസുകാര്‍ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്. വടകരയില്‍ മോഷണ ശല്ല്യങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചിരിക്കുമ്പോഴും പോലിസ് വേറെ ഏതോ ലോകത്തെന്ന പോലെ ഒന്നുമറിയാത്ത മട്ടിലാണ്.
വടകരയില്‍ ഈ വര്‍ഷാരംഭം മുതല്‍ നാടിനെ നടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും അന്വേഷിച്ച് തുമ്പൊന്നും കണ്ടെത്താന്‍ പോലിസിനെ കൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് യുവാക്കള്‍ ദുരൂഹമായി മരിച്ച സംഭവം മുതല്‍ മയക്കു മരുന്ന് മാഫിയ പ്രവര്‍ത്തനം, മോഷണം എന്നിവ പടരുന്ന കാഴ്ചയാണ് വടകരയില്‍ കണ്ടു കൊണ്ടിരിക്കുന്നത്. പോലിസിനോടുള്ള ജനങ്ങളുടെ ബഹുമാനം കുറയ്ക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണതകള്‍ മാറ്റി ജനങ്ങളുടെ സുരക്ഷയും നാടിന്റെ നന്മയും ആഗ്രഹിക്കുന്ന പ്രവര്‍ത്തനമാണ് പോലിസിന്റെ ഭാഗത്ത് നിന്നും വേണ്ടതെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it