kozhikode local

വടകരയിലെ ട്രാഫിക് സംവിധാനം താളം തെറ്റുന്നു



വടകര: ദേശീയപാതയിലെയും വടകര നഗരത്തിലെയും ഗതാഗത തടസ്സം പരിഹരിക്കാന്‍ തയ്യാറാവാതെ വടകര ട്രാഫിക് യൂനിറ്റ് വാഹന പരിശോധനയിലൊതുങ്ങുന്നു. ദേശീയപാതയിലെ മൂരാട് പാലത്തില്‍ ട്രാഫിക് ക്രമീകരണം താറുമാറായതിനാല്‍ ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ ഒരേ സമയം പാലത്തിലേക്ക് കടക്കുന്നത് കാരണം മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാവുകയാണ്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ കടന്നുപോവാന്‍ കഴിയാത്ത സ്ഥതി സംജാതമായിട്ടും പോലിസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകില്ലെന്നത് ആശ്ചര്യമാണ്. ഇത് മൂലം സമയക്രമം പാലിച്ച് സര്‍വീസ് നടത്തുവാന്‍ കഴിയാതെ ബസ്സുകള്‍ക്ക് ട്രിപ്പുകള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല ഗതാഗത തടസ്സം കാരണം മത്സര ഓട്ടത്തിന് വഴിവയ്ക്കുകയും അപകടങ്ങള്‍ വര്‍ധിക്കുകയുമാണ്. പാലത്തിലെ ഗതാഗതം സുഖമമാക്കുന്നതിന് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കെത്തുന്നതും വളരെ വൈകിയാണ്. ഇത് കാരണം രാത്രികാലങ്ങളിലും അതിരാവിലെയും മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസ്സമാണ് ഇവിടെ നേരിടുന്നത്. ഇതിനു പുറമെ ദേശീയപാതയിലെ പുതിയബസ്സ്റ്റാ ന്റ് പരിസരത്തെ എംആര്‍എ എന്ന സ്ഥാപനത്തിന് മുന്നിലും, ലിങ്ക് റോഡിന് സമീപമുള്ള വിവിധ ഷോറൂമുകള്‍ക്ക് മുന്നിലും അനധികൃതവും ക്രമരഹിതവുമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാരണം ദേശീയപാതയിലും ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്. വടകര നഗരത്തിനുള്ളിലാവട്ടെ സ്ഥതി വളരെ ദയനീയമാവുകയാണ്. വടകര പഴയബസ് സ്റ്റാന്‍ഡിന് സമീപം പേ പാര്‍ക്കിങ് സംവിധാനം നിലനില്‍ക്കെയാണ് ടൗണിന്റെ പലയിടങ്ങളിലും ഗതാഗതത്തിന് തടസ്സമുണ്ടാകുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പാര്‍ക്കിങ് ഏരിയാകളുള്ള കെട്ടിടങ്ങളാവട്ടെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഈ ഭാഗം ഉപയോഗിക്കുന്നതും ഗതാഗത തടസ്സത്തിന് മറ്റൊരു കാരണമാണ്. ഈ വിഷയം പല തവണ നഗരസഭ അധികൃതര്‍ക്ക് മുന്നില്‍ അറിയിച്ചിട്ടും അവരുടെ നടപടിക്കായി ഒരുങ്ങിന്നില്ല. വ്യവസായിക സമുച്ചയങ്ങളില്‍ വാഹന പാര്‍ക്കിങ് സൗകര്യമില്ലാത്തെ ലൈസന്‍സ് നല്‍കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ വടകരയില്‍ പല കച്ചവട സ്ഥാപനങ്ങള്‍ക്ക് ഇത് ലംഘിച്ച് കൊണ്ടാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കള്‍ക്ക് പരിഹാരം കാണാതെ ഊടുവഴികളില്‍ പതിഞ്ഞിരുന്ന് വാഹന പരിശോധന നടത്തുവാനാണ് വടകര പോലിസ് ചെയ്യുന്നത്. ഇതാവട്ടെ പലതവണ പോലിസ് മേധാവി പുറപ്പെടുവിച്ച നിയമങ്ങള്‍ കാറ്റില്‍ പറത്തിയുമാണ്. ചില വാഹന ഉടമകള്‍ ഇത് ചോദ്യ ചെയ്താല്‍ തന്നെ വലിയ തോതിലുള്ള പിഴ ഈടാക്കുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ട്രാഫിക് നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലും നിയമം ലംഘിച്ചുമാണ് പരിശോധന നടത്തുന്നത്. ഇത്തരം ജനവിരുദ്ധമായ പോലിസ് നടപടിക്കെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ മോട്ടോര്‍ എന്‍ജിനീയര്‍ വര്‍ക്കേഴ്‌സ് സിഐടിയു ബസ്സ് സെക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it