kozhikode local

വടകരയിലും അഴിയൂരിലും വൈദ്യുതി മുടക്കം പതിവാകുന്നു

വടകര: വേനല്‍മഴ തുടങ്ങിയതോടെ കെഎസ്ഇബി അഴിയൂര്‍, വടകര സെക്ഷനുകളില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. രാത്രി സമയങ്ങളില്‍ മഴയൊന്നു ചാറിയാല്‍ നിലയ്ക്കുന്ന വൈദ്യുതി, ചില ദിവസങ്ങളില്‍ മണിക്കൂറുകളോളം മുടങ്ങു. അഴിയൂര്‍ സെക്ഷനില്‍ ഒരു ദിവസം എടുക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് മൂലം ഉപഭോകതാക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഏറെയാണ്.
നോമ്പുതുറ സമയങ്ങളില്‍ വൈദ്യുതി നിലയ്ക്കുന്നത് പതിവായിരിക്കയാണ്. അഴിയൂരില്‍ പ്രത്യേകം ഫീഡര്‍ ഇല്ലാത്തതാണത്രേ ഇതിന് കാരണം. ഓര്‍ക്കാട്ടേരി, മുട്ടുങ്ങള്‍ സെക്ഷനുകളിലെ തുരുത്തിമുക്ക്, തോട്ടുങ്ങള്‍, മുട്ടുങ്ങല്‍ എന്നീ ഫീഡറുകളെ ആശ്രയിച്ചാണ് ഇവിടെ വൈദ്യുതി വിതരണം നടത്തുന്നത്.
ഓര്‍ക്കാട്ടേരി 220 കെവി സബ്‌സ്‌റ്റേഷനില്‍ നിന്ന് അഴിയൂരിനായി പ്രത്യേകം ഫീഡര്‍ ഒരുക്കാന്‍ നടപടികള്‍ തുടങ്ങിയെങ്കിലും ഇതുവരെ എങ്ങും എത്തിയില്ല. ഫീഡര്‍ ഇല്ലാതെ വൈദ്യുതി വിതരണത്തിലെ അപാകത പരിഹരിക്കാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരുവര്‍ഷം മുമ്പ് വൈദ്യുതി മുടക്കം പതിവായപ്പോള്‍ സെക്ഷന്‍ ഓഫീസിനുമുമ്പില്‍ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. തുടര്‍ന്ന് വൈദ്യുതി വിതരണം കുറച്ചു കൂടി കാര്യക്ഷമാമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ഥിതി വളരെ ദയനീയമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പുതിയ ഫീഡര്‍ ഒരുക്കുന്ന കാര്യത്തില്‍ കെഎസ്ഇബി ഡപ്യുട്ടി ചീഫ് എഞ്ചിനിയറുടെ ഓഫീസ് അലംഭാവം കാണിക്കുന്നതായി വ്യാപക പരാതി ഉയരുകയാണ്. ഇതിനായി ഫണ്ട് അനുവദിക്കുന്ന കാര്യത്തിലും ഒളിച്ചുകളി തുടരുകയാണ്. ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന അലംഭാവത്തില്‍ ഉപഭോക്താക്കളുടെ ഇടയില്‍ പ്രതിഷേധം ഉയരുകയാണ്. നിലവില്‍ പതിമൂന്നയിരത്തോളം ഉപഭോക്താക്കളുള്ള സെക്ഷന്‍ ഒഫീസാണ് അഴിയൂര്‍.
അതേസമയം ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്ത സെക്ഷനാണ് വടകര. എന്നാല്‍ വടകരയില്‍ മണിക്കൂറുകള്‍ ഇടവിട്ടാണ് വൈദ്യുതി ഇല്ലാതാവുന്നത്. കാറ്റ് ഒന്ന് വീശിയാല്‍ പിന്നെ വൈദ്യുതിയില്ല. എന്നാല്‍ കാലാവസ്ഥ നല്ല രീതിയിലായി വന്നാലും വൈദ്യുതി വരാന്‍ മണിക്കൂറുകള്‍ എടുക്കുകയാണ്. വൈദ്യുതി മാത്രം ആശ്രയിച്ച് കഴിയുന്ന പല സ്ഥാപനങ്ങളും പ്രയാസത്തിലായിരിക്കുകയാണ്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈദ്യുതിയുടെ ഒളിച്ചു കളി ടൈലര്‍മാരെയാണ് കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. യൂണിഫോം ക്യതമായ ദിവസത്തിനുള്ളില്‍ നല്‍കാനാവാത്ത സ്ഥിതിയാണെന്നാണ് ഉടമക ള്‍ പറയുന്നത്.
വേനല്‍ മഴയില്‍ ഇങ്ങനെ ഇടവിട്ട് വൈദ്യുതി മുടങ്ങിയാല്‍ കാലവര്‍ഷത്തില്‍ എങ്ങിനെയാണ് മുടങ്ങുകയെന്ന കാര്യത്തെ കുറിച്ച് ആശങ്കപ്പെടുകയാണ് ഉപഭോക്താക്കള്‍. ചെറിയ മഴ വന്നാല്‍ പോലും വൈദ്യുതി മുടക്കം പതിവാക്കിയ വടകരയില്‍ എന്താണ് പ്രശ്‌നമെന്ന് മനസിലാക്കി വേണ്ട നടപടികള്‍ കൈകൊള്ളാന്‍ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it