വഞ്ചന ആവര്‍ത്തിക്കുന്നു: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല

എ പി വിനോദ്

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ആനുകൂല്യങ്ങള്‍ക്കു വേണ്ടി ദുരിതബാധിതരുടെ അമ്മമാര്‍ മൂന്നു ഘട്ടമായി നടത്തിയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളാണു ജലരേഖയായത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അവസാനമായി ഈ വര്‍ഷം ജനുവരി 26 മുതല്‍ എട്ടു ദിവസമാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹ സമരം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, സമരസമിതിക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പിലായില്ല. പ്രധാന ആവശ്യമായ കടം എഴുതിത്തള്ളല്‍ പോലും എങ്ങുമെത്തിയില്ല. എന്‍ഡോസള്‍ഫാന്‍ സെല്ലിന് ഫണ്ട് അനുവദിക്കാതെയാണ് കടം എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കടം എഴുതിത്തള്ളുന്നതിന് 10.90 കോടി രൂപ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി അന്നു പറഞ്ഞിരുന്നെങ്കിലും പണം അനുവദിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടത്തിന്റ പേരുപറഞ്ഞ് ദുരിതബാധിതര്‍ക്കുള്ള പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിക്കാനുള്ള കാലവിളംബം ദുരിതബാധിതര്‍ക്ക് കനത്ത തിരിച്ചടിയായി. കടം എഴുതിത്തള്ളുന്നതിന് 1191 പേരുടെ പട്ടികയാണു തയ്യാറാക്കിയത്. വായ്പത്തുക സര്‍ക്കാര്‍ നല്‍കാനും പലിശ ബാങ്കുകള്‍ ഇളവു ചെയ്യാനുമായിരുന്നു ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിലുണ്ടായിരുന്ന 1.20 കോടി രൂപ ചെലവഴിച്ച് 50,000 രൂപ വരെയുള്ള കടം എഴുതിത്തള്ളാന്‍ നടപടി സ്വീകരിച്ചിരുന്നു.
സഹകരണ ബാങ്കുകളില്‍ 551 പേരുടെയും ദേശസാല്‍കൃത ബാങ്കുകളില്‍ 119 പേരുടെയും വായ്പകളാണ് എഴുതിത്തള്ളിയത്. 50,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ വായ്പ എടുത്തവരുടെ കടം എഴുതിത്തള്ളണമെങ്കില്‍ 9.8 കോടി രൂപ വേണ്ടിവരും. ദുരിതബാധിതരുടെ ചികില്‍സയ്ക്കും പെന്‍ഷനും മറ്റുമായി നല്‍കാന്‍ സെല്ലിന്റെ കൈവശം ഇപ്പോള്‍ 9.76 കോടി രൂപ മാത്രമാണുള്ളത്. സൗജന്യ ചികില്‍സ നല്‍കിയ വകയില്‍ മംഗളൂരു ആശുപത്രികളിലെ കുടിശ്ശിക പോലും കൊടുത്തിട്ടില്ല.
കടം എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റിലും അപാകതയുണ്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 2011 മുതലാണ് സര്‍ക്കാര്‍ സൗജന്യ ചികില്‍സ ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 2011 ജൂണ്‍ മുതലാണ് സര്‍ക്കാര്‍ സൗജന്യ ചികില്‍സ നടപ്പാക്കിയത്. ഇക്കാരണത്താല്‍ 2011 ജൂണിനു മുമ്പുള്ളവരുടെ കടങ്ങളാണ് എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, 2011ല്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ 1318 പേരെ മാത്രമേ ദുരിതബാധിതരായി കണ്ടെത്തിയിരുന്നുള്ളൂ. 2013ല്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ 337 പേരെയും കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 2014ല്‍ മാത്രമാണ്. ഇവര്‍ ചികില്‍സയ്ക്കായും മറ്റും എടുത്ത ബാങ്ക് വായ്പയുടെ കാര്യത്തില്‍ തീരുമാനവുമായിട്ടില്ല.
ഫെബ്രുവരിയില്‍ ജില്ലയില്‍ അഞ്ച് മെഡിക്കല്‍ ക്യാംപുകള്‍ നടത്തി എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ക്യാംപ് തുടങ്ങാനുള്ള യാതൊരു പ്രവര്‍ത്തനവും ആരോഗ്യ വകുപ്പു നടത്തിയിരുന്നില്ല. 5837 പേരാണ് ദുരിതബാധിതരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇവരെ മൂന്നു കാറ്റഗറികളായി തിരിച്ച് ആനുകൂല്യം നല്‍കുമെന്നും ദുരിതബാധിതമെന്നു പ്രഖ്യാപിക്കപ്പെട്ട 11 പഞ്ചായത്തിനു പുറമേയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും ക്യാംപും നടപടി ക്രമങ്ങളും ഒന്നുമായില്ല. പുനരധിവാസ പ്രവര്‍ത്തനത്തിന് സായി ട്രസ്റ്റ് മുന്നോട്ടുവന്നതല്ലാതെ സര്‍ക്കാര്‍ യാതൊരു പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല.
ബഡ്‌സ് സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കുന്ന കാര്യവും വാഗ്ദാനത്തിലൊതുങ്ങി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ദുരിതബാധിതര്‍ മരുന്നും ചികില്‍സയുമില്ലാതെ നട്ടംതിരിയുന്ന സ്ഥിതിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 104 കോടി രൂപയാണ് ദുരിതബാധിതര്‍ക്കായി ചെലവഴിച്ചത്. സാമൂഹികക്ഷേമ വകുപ്പിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ വഞ്ചനയില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ശക്തമായ പ്രതിഷേധത്തിലാണ്. ഈമാസം ഒമ്പതിന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആലോചിക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it