ernakulam local

വഞ്ചനാ കേസ്; കോളജ് പ്രഫസര്‍ അറസ്റ്റില്‍

കൊച്ചി: വഞ്ചനാ കേസില്‍ ആലുവയിലെ സ്വകാര്യ കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ പിടിയില്‍. ഇടപ്പള്ളി വെണ്ണല തൈപ്പറമ്പില്‍ വീട്ടില്‍ ആന്‍സി(56)യെയാണ് ആലുവ ഈസ്റ്റ് പോലിസ് അറസ്റ്റു ചെയ്തത്.
ഫിനാന്‍സ് കമ്പനിക്ക് ഗ്യാരണ്ടിയായി നിന്നാല്‍മതിയെന്ന് വിശ്വസിപ്പിച്ച് ബിജു ജോണ്‍ എന്നയാളെ വായ്പ തവണകള്‍ അടയ്ക്കാതെ ചതിക്കുകയായിരുന്നു. മകന്റെ വിവാഹാവശ്യത്തിന് പുതിയ വാഹനം വേണമെന്നും അതിനുവേണ്ടിവരുന്ന ഫിനാന്‍സ് തുക ആന്‍സി അടച്ചുകൊള്ളാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. കുടിശ്ശിഖ വന്നപ്പോള്‍ ഫിനാന്‍സ് കമ്പനി റിക്കവറി ആരംഭിച്ചപ്പോഴാണ് ബിജു ജോണ്‍ ചതി മനസ്സിലാക്കുന്നത്.
വാഹനം വാങ്ങിയ ഉടനെതന്നെ പ്രഫ. ആന്‍സി കണ്ണൂരുള്ള ആളുകള്‍ക്ക് പൊളിച്ചുവില്‍ക്കുന്നതിനായി കൊടുത്തു. പ്രതി കാലടി, പാലാരിവട്ടം, ആലുവ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ആളുകളെ ചതിയില്‍പെടുത്തിയ കാര്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതായി ആലുവ ഈസ്റ്റ് പോലിസ് അറിയിച്ചു. കൂടാതെ വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കാനെന്ന വ്യാജേന സെക്കന്റ്ഹാന്‍ഡ് വാഹനങ്ങള്‍വാങ്ങി ക്രിമിനല്‍ സംഘങ്ങള്‍ക്കു നല്‍കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ വാഹനബ്രോക്കറായ ഒരാളെക്കൂടി അറസ്റ്റു ചെയ്യാനുണ്ട്. സംഭവത്തിനുശേഷം ഇവര്‍ ഒളിവില്‍പോവുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയുമായിരുന്നു. അപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇവര്‍ രഹസ്യമായി താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ആലുവ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് വൈ ആര്‍ റസ്റ്റത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഹണി കെ ദാസും സംഘവും ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it