Flash News

വഞ്ചനയ്ക്കുള്ള കൂട്ടുകെട്ടിന്റെ പേരാണ് മോദി: രാഹുല്‍

ന്യൂഡല്‍ഹി: ആര്‍എസ്എസിനും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദിയെന്ന് രാഹുല്‍ പറഞ്ഞു. മോദി എന്ന പേര് വഞ്ചനയ്ക്കുള്ള കൂട്ടുകെട്ടിന്റെ പ്രതീകമായിരിക്കുകയാണ്. ബാങ്കില്‍ നിന്ന് പണം തട്ടിയയാളും മോദിയാണ്, ക്രിക്കറ്റിലെ ഏറ്റവും വലിയ അഴിമതിക്കാരനും മോദിയാണ്- രാഹുല്‍ പരിഹസിച്ചു.
കോണ്‍ഗ്രസ് മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെ സത്യത്തിനു വേണ്ടി പോരാടുമ്പോള്‍ ബിജെപി കൗരവരെപ്പോലെ കൊലപാതകക്കേസിലെ പ്രതിയെ പ്രസിഡന്റാക്കിയിരിക്കുകയാണെന്നും രാഹുല്‍ ആക്ഷേപിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 84ാമത് പ്ലീനറി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ നേതാക്കള്‍ ജയിലില്‍ കിടന്നപ്പോള്‍ സംഘപരിവാര നേതാവ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ കാരുണ്യത്തിനായി കത്തെഴുതുകയായിരുന്നു. കൊലക്കേസ് പ്രതിയായ ആളെ പാര്‍ട്ടി പ്രസിഡന്റാക്കുന്നത് ബിജെപിക്ക് സ്വീകാര്യമാണെന്നും അമിത് ഷായെ പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ്സില്‍ ഇത് ജനങ്ങള്‍ അംഗീകരിക്കില്ല. ബിജെപിയെ പോലെ പെരുമാറാന്‍ രാജ്യം ഒരിക്കലും കോണ്‍ഗ്രസ്സിനെ അനുവദിക്കില്ല. ബിജെപി എന്നത് ഒരു സംഘടനയുടെ ശബ്ദമാണ്. എന്നാല്‍, കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഉനയിലെ ദലിത് യുവാക്കളെ ക്രിമിനലുകള്‍ ആക്രമിച്ചപ്പോള്‍ ആര്‍എസ്എസിന്റെ ആശയം വ്യക്തമായതാണ്. മുസ്‌ലിംകളോട് അവര്‍ ഇവിടത്തുകാരല്ലെന്നും തമിഴരോട് ഭാഷ മാറ്റണമെന്നും ആര്‍എസ്എസ് പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരോട് ആര്‍എസ്എസ് പറയുന്നത് നിങ്ങളുടെ ഭക്ഷണം ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ്. ഗൗരി ലങ്കേഷിനോടും കല്‍ബുര്‍ഗിയോടും അവര്‍ പറഞ്ഞത് വായടക്കുക, അല്ലെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടുമെന്നാണ്. എന്‍ഡിഎ സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് മാധ്യമങ്ങളെ സംരക്ഷിക്കും.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന് ജനതാല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനായില്ലെന്ന സ്വയംവിമര്‍ശനവും രാഹുല്‍ തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചു. പാര്‍ട്ടിയില്‍ നേതാക്കള്‍ക്കും അണികള്‍ക്കുമിടയിലെ മതിലുകള്‍ തകര്‍ക്കും. സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയിലെ ഉന്നതസ്ഥാനങ്ങള്‍ ലഭ്യമാക്കും. സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്നത് അവസാനിപ്പിക്കും.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് 570 കോടി രൂപയ്ക്കു വാങ്ങിയ വിമാനം 1670 കോടി രൂപ നല്‍കിയാണ് മോദി വാങ്ങിയതെന്ന് റഫേല്‍ യുദ്ധവിമാന അഴിമതി ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദി അഴിമതിക്കാരനാവുമ്പോള്‍ അദ്ദേഹം എങ്ങനെയാണ് അഴിമതിക്കെതിരേ പോരാടുകയെന്നും രാഹുല്‍ ചോദിച്ചു.
Next Story

RELATED STORIES

Share it