Kerala

വഖ്ഫ് സ്വത്ത് തിരിമറി അന്വേഷിക്കുമെന്ന് മന്ത്രി ജലീല്‍

വഖ്ഫ് സ്വത്ത് തിരിമറി അന്വേഷിക്കുമെന്ന് മന്ത്രി ജലീല്‍
X
Minister KT Jaleel

സ്വന്തം പ്രതിനിധി

കൊച്ചി: കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്ത് തിരിമറി ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള വഖ്ഫ് സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ മന്ത്രി കെ ടി ജലീലിന് നിവേദനം നല്‍കി. വഖ്ഫ് സംരക്ഷണവേദി സംസ്ഥാന പ്രസി ഡന്റ് ടി എം അബ്ദുല്‍ സലാം, വൈസ് പ്രസിഡന്റുമാരായ റഷീദ് അറയ്ക്കല്‍, പൂക്കോയ ആലപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.  [related]
വഖ്ഫ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച നിസാര്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ കോടികളുടെ വഖ്ഫ് അഴിമതി കണ്ടെത്തിയിരുന്നുവെന്ന് ഇവര്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം ഈ മേഖലയില്‍ ചെലുത്തിയിരുന്നില്ല. സമുദായത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി നിര്‍ധന കുടുംബങ്ങളുടെ അവകാശമായ വഖ്ഫ് സ്വത്ത് ചില സ്വാര്‍ഥതാല്‍പര്യക്കാര്‍ സ്വന്തമെന്നോണം കൈ യടക്കിവയ്ക്കുകയും റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്തിവരുകയുമാണ്.
വഖ്ഫ് ബോര്‍ഡ് സിഇഒയുടെ ഒത്താശയോടെയാണ് കേരളത്തില്‍ അഴിമതി വ്യാപകമായി നടക്കുന്നതെന്നും വ ഖ്ഫ് സംരക്ഷണവേദി നിവേദനത്തില്‍ ആരോപിക്കുന്നു. പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉദ്യോഗസ്ഥവൃന്ദം തട്ടിയെടുക്കുന്നതായും നിവേദനത്തില്‍ പറയുന്നു.
കേരളത്തിലുടനീളം അന്യായമായി കൈമാറ്റം ചെയ്യുകയും അനധികൃത തിരിമറി നടത്തുകയും ചെയ്യപ്പെടുന്ന വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിച്ച് അര്‍ഹരായവര്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കുക, സമൂഹനന്മയ്ക്കായി ഇവ ഉപയോഗപ്രദമാക്കി വഖ്ഫിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് സമിതി മുന്നോട്ടുവയ്ക്കുന്നതെന്നും അതല്ലാതെ മറ്റു യാതൊരുവിധത്തിലുള്ള ഗൂഢലക്ഷ്യവും വഖ്ഫ് സംരക്ഷണവേദിക്കില്ലെന്നും നിവേദനത്തില്‍ പറയുന്നു. നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചതായി വഖ്ഫ് സംരക്ഷണവേദി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it