Districts

വഖ്ഫ് ബോര്‍ഡ് ലീഗ് കുത്തകയാക്കി; തുല്യത പാലിക്കണമെന്ന് കാന്തപുരം

മലപ്പുറം: വഖ്ഫ് ബോര്‍ഡ് സ്ഥാനമാനങ്ങള്‍ മുസ്‌ലിം ലീഗ് കുത്തകയാക്കി വച്ചിരിക്കുകയാണെന്നും ഇത് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായി നല്‍കാന്‍ തയ്യാറാവണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. പലയിടങ്ങളിലും ലീഗ് സ്ഥാനമാനങ്ങള്‍ കൈയടക്കിവയ്ക്കുകയാണ്. ഇത് പലതരം പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. മലപ്പുറം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടുകള്‍ നിരീക്ഷിക്കും. തൃപ്തികരമായി തോന്നുന്ന പാര്‍ട്ടികളൊന്നും നിലവിലില്ല. രാഷ്ട്രീയ പ്രവര്‍ത്തനം സത്യസന്ധമായിരിക്കണം.

അല്ലാത്തപക്ഷം പുതുതായി രൂപീകരിച്ച കേരള മുസ്‌ലിം ജമാഅത്ത് അവരെ പാഠം പഠിപ്പിക്കും. ഉദ്ദേശിക്കുന്ന പാര്‍ട്ടിയെ ജയിപ്പിച്ചെടുത്ത ചരിത്രം സുന്നി പ്രസ്ഥാനത്തിനുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശികമായി സ്ഥാനാര്‍ഥികളെ നോക്കി ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് നിരോധിക്കുക എന്നത് മഹത്തായ മണ്ടത്തരമാണ്. ആരാധിക്കപ്പെടുന്ന വസ്തുക്കളൊന്നും ഭക്ഷിക്കാനോ നശിപ്പിക്കാനോ പാടില്ല എന്നുപറയുന്നത് അഹങ്കാരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സമചിത്തതയോടെ പെരുമാറിയില്ലെങ്കില്‍ ഇറാഖ്, സിറിയ എന്നിവിടങ്ങളിലേതിനു സമാന സാഹചര്യമായിരിക്കും ഇന്ത്യയില്‍ ഉണ്ടാവുക. ഭീകരതയ്‌ക്കെതിരെ ഇസ്‌ലാഹി പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‌ലാമിയും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം.

ജമാഅത്തുകാര്‍ നേരത്തേ ഭീകരതയെ പിന്തുണച്ചവരായിരുന്നു. ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കേരള സുന്നി ജമാഅത്ത് എന്ന പുതിയ സംഘടന രൂപീകരിച്ചത് രാഷ്ട്രീയപ്പാര്‍ട്ടിയായിക്കൊണ്ടല്ല. ആവശ്യമായ ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെടാനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും പുതിയ സംഘടന രംഗത്തുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ആര്‍ സാബന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ് മഹേഷ്‌കുമാര്‍, ജില്ലാസമിതി അംഗം റസാഖ് മഞ്ചേരി സംസാരിച്ചു. ഇബ്രാഹീം ഖലീല്‍ ബുഹാരി തങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it