വഖ്ഫ് ബോര്‍ഡ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കൊച്ചി: കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡിന്റെ സാമൂഹിക ക്ഷേമപദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ബോര്‍ഡ് മെംബര്‍മാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നിവേദനം നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബോര്‍ഡ് മെംബര്‍മാരായ എം ഐ ഷാനവാസ് എംപി, ടി എ അഹ്മദ് കബീര്‍ എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്‍, ടി പി അബ്ദുല്ലക്കോയ മദനി, ഫാത്തിമ റോസ്‌ന, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബി എം ജമാല്‍ സംബന്ധിച്ചു.
ജനസംഖ്യയുടെ 12 ശതമാനം മുസ്‌ലിംകളുള്ള കര്‍ണാടകയില്‍ അവരുടെ സംസ്ഥാന വഖ്ഫ് ബോര്‍ഡിനുവേണ്ടി 2014-15 സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാര്‍ 14 കോടിരൂപ വകയിരുത്തിയ വിവരം മുഖ്യമന്ത്രിയെ ബോര്‍ഡ് മെംബര്‍മാര്‍ ധരിപ്പിച്ചു.
2015-16 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേരള സര്‍ക്കാരിന്റെ ബജറ്റില്‍ സമാനരീതിയിലുള്ള മറ്റ് സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകള്‍ക്ക് 35 കോടിയോളം രൂപ വകയിരുത്തിയപ്പോള്‍ 26.6 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന കേരളത്തില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിന് 72 ലക്ഷം രൂപമാത്രമാണ് വകയിരുത്തിയിട്ടുള്ളത്. വഖ്ഫ് അന്വേഷണ കമ്മിഷന്റെ റിപോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ ആറു ഡിവിഷനല്‍ ഓഫിസുകള്‍കൂടി ആരംഭിച്ച പശ്ചാത്തലത്തില്‍ മേല്‍തുക തികച്ചും അപര്യാപ്തമാണെന്ന് ബോര്‍ഡ് മെംബര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
കേരളത്തിലെ പല പദ്ധതികളും ഫണ്ടിന്റെ ലഭ്യതക്കുറവ് കൊണ്ട് മുടങ്ങിക്കിടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Next Story

RELATED STORIES

Share it