thrissur local

വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കല്‍; കലക്ടറും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ഹാജരാവണമെന്ന് ഉത്തരവ്

ചാവക്കാട്: വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ മണത്തല ജമാഅത്ത് വക ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയെന്ന കേസില്‍ കലക്ടറും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയറും ഹാജരാകണമെന്ന് വഖഫ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. ജൂണ്‍ 13നാണ് വഖഫ് ട്രിബ്യൂണലിന് മുന്നില്‍ ഹാജരാകേണ്ടത്.
മണത്തല മഹല്ല് കമ്മിറ്റി ഷാനവാസ് കാട്ടകത്ത് മുഖേന എറണാകുളം വഖഫ് ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 25 വര്‍ഷം മുമ്പ് പഴയ പുതുപൊന്നാനി റോഡ് ദേശീയപാതയാക്കുന്നതിനായി മണത്തല പള്ളിവക വഖഫ് ഭൂമി ഏറ്റെടുത്തിരുന്നെങ്കിലും വഖഫ് ബോര്‍ഡിനെ അറിയിക്കുകയോ നഷ്ടപരിഹാരം കൊടുക്കുകയോ ചെയ്തില്ല. 1981ല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ദേശീയപാതയുടെ വികസനത്തിനായി ഉദ്യോഗസ്ഥര്‍ പള്ളിവക ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഇതിനെതിരേ മഹല്ല് ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം നല്‍കുകയും ഏറ്റെടുക്കലിന് സ്‌റ്റേ വാങ്ങുകയും ചെയ്തു. വഖഫ് ബോര്‍ഡിനെ അറിയിക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ദേശീയപാത അധികൃതര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നാണ് മഹല്ല് കമ്മിറ്റിയുടെ പരാതി.
ഇതോടൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റെടുത്ത വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി നല്‍കിയ കേസിലാണ് കലക്ടറും പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയറും ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it