Flash News

വംശീയ ആക്രമണം: കാലഫോര്‍ണിയയില്‍ മൂന്നു പേരെ വെടിവച്ചു കൊന്നു

വംശീയ ആക്രമണം: കാലഫോര്‍ണിയയില്‍ മൂന്നു പേരെ വെടിവച്ചു കൊന്നു
X


വാഷിങ്ടണ്‍: കാലഫോര്‍ണിയയിലെ ഫ്രന്‍സോയില്‍ വംശീയ ആക്രമണം. കറുത്തവര്‍ഗക്കാരനായ യുവാവ് നടത്തിയ വെടിവയ്പില്‍ മൂന്നു വെള്ളക്കാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.45ന് ഫ്രന്‍സോയിലെ ഡൗണ്‍ ടൗണിലാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 39കാരനായ കോറി അലി മുഹമ്മദ് എന്നയാള്‍ പിടിയിലായതായി ഫ്രന്‍സോ പോലിസ് അറിയിച്ചു. 90 സെക്കന്‍ഡിനിടെ ഇയാള്‍ 16 റൗണ്ട് വെടിയുതിര്‍ത്തതായി പോലിസ് പറഞ്ഞു. അറസ്റ്റിലാവുമ്പോള്‍ ദൈവം മഹോന്നതന്‍ എന്ന അറബി വാക്യം ഇയാള്‍ ഉച്ചത്തില്‍ വിളിച്ചിരുന്നു. എന്നാല്‍, സംഭവത്തിനു ഭീകരവാദ ബന്ധമില്ലെന്ന് പോലിസ് പറഞ്ഞു. പോപ് ഗായകനായ കോറി അലി സ്വന്തമായി ആല്‍ബം നിര്‍മിച്ച് ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുണ്ട്. ബ്ലാക് ജീസസ് എന്ന പേരിലും അറിയപ്പെടുന്ന ഇയാളുടെ പഴയ പേര് കോറി ടെയ്‌ലര്‍ എന്നായിരുന്നു. നോര്‍ത്ത് വാന്‍ നെസ് സ്ട്രീറ്റില്‍ ഒരു ട്രക്ക് യാത്രക്കാരനെയാണ് ഇയാള്‍ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് അതേ തെരുവില്‍  ഒരു വ്യക്തിക്കുനേരെ വെടിയുതിര്‍ത്തു. പക്ഷേ, അയാള്‍ രക്ഷപ്പെട്ടു. ഫുള്‍ട്ടണ്‍ സ്ട്രീറ്റിലെത്തിയ കോറി അവിടെക്കണ്ട ഒരാളെയും കൊന്നു. ഞായറാഴ്ച ഫ്രന്‍സോയിലെ മോട്ടല്‍ 6ന്റെ സുരക്ഷാജീവനക്കാരന്‍ കാള്‍ വില്യംസിനെ വെടിവച്ചുകൊന്നതും കോറി അലിയാണെന്ന് പൊലിസ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോറിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സുരക്ഷാ ജീവനക്കാരനു നേര്‍ക്ക് ഇയാള്‍ വെടിവയ്ക്കുകയായിരുന്നു.വെള്ളക്കാരോട് കടുത്ത വിരോധം വച്ച് പുലര്‍ത്തുന്ന ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലും വംശീയ സ്പര്‍ധ സ്ഫുരിക്കുന്ന നിരവധി പോസ്റ്റുകള്‍ ഉണ്ട്.  സംഭവത്തിന് സായുധസംഘങ്ങളുമായി ബന്ധമില്ലെന്ന് പോലിസ് മേധാവി അറിയിച്ചു. ഇയാള്‍ക്കെതിരേ നാലു പേരെ കൊന്നതിനും ആയുധം കൈവശം വച്ചതിനും കേസെടുത്തതായും ഇദ്ദേഹം അറിയിച്ചു. വെടിവയ്പ് ഇയാള്‍ ഒറ്റയ്ക്കാണ് നടത്തിയതെന്നും കൂട്ടുപ്രതികള്‍ ആരുംതന്നെ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it