വംശഹത്യ വിചാരണ ചെയ്യപ്പെടുമോ?

കഠ്‌വയില്‍ നിന്നു കസൂറിലേക്ക്- 2  -  ഇ  ജെ  ദേവസ്യ
പ്രതിപ്പട്ടികയില്‍ ഉള്ളവരും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആ സംസ്ഥാനത്തെ രണ്ടു മന്ത്രിമാരും പോലിസും ഒരു കൂട്ടം നിയമജ്ഞരുമടങ്ങുന്ന ഭരണകൂട പരിച്ഛേദമാണ് 'ഞങ്ങള്‍.' 'നിങ്ങളോ?' ഒരു തുണ്ടു ഭൂമി പോലും സ്വന്തമായില്ലാത്ത, നാടോടികളായ ബകര്‍വാല കുടുംബമല്ല ആ നിങ്ങള്‍. ജമ്മുവില്‍ മുസ്‌ലിംകളായും കശ്മീരില്‍ ദലിതരായും പരിഗണിക്കപ്പെടുന്നുവെന്ന് ജാവീദ് റാഹി പറഞ്ഞ ദൈന്യചരിത്രമുള്ള, കശ്മീരി ജനതയുടെ 12 ശതമാനം വരുന്ന ബകര്‍വാല സമുദായത്തിലും തീരുന്നതല്ല നിങ്ങള്‍. കശ്മീരി ജനതയുടെ 68.31 ശതമാനം വരുന്ന മുസ്‌ലിംകളിലും അത് അവസാനിക്കുന്നില്ല.
ഒരുകൂട്ടം പുരുഷന്‍മാര്‍ക്ക് പാതിരാവില്‍ ഓടുന്ന ബസ്സില്‍ വച്ച് ഒരു യുവതിയോടു തോന്നിയ അഭിനിവേശവും കൂട്ടബലാല്‍സംഗവും കൊലയും പോലൊന്നു മാത്രമേ കഠ്‌വയിലെ എട്ടു വയസ്സുകാരിക്കു മേലും നടന്നിട്ടുള്ളൂ എന്നൊരു സാമാന്യവല്‍ക്കരണവും രണ്ടിന്റെയും നിസ്സാരവല്‍ക്കരണവും പലരുടെയും പ്രതികരണങ്ങളായി കണ്ടു. ആ ബലാല്‍സംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നാണ് പ്രധാനമന്ത്രി അങ്ങ് ലണ്ടനില്‍ വച്ച് ഇന്ത്യന്‍ സമൂഹത്തോട് പ്രസ്താവിച്ചത്. തീര്‍ച്ചയായും കഠ്‌വ കേസിലെ രാഷ്ട്രീയം വിചാരണ ചെയ്യപ്പെടുന്നില്ലെങ്കില്‍ ലോകത്തെവിടെയും നടന്നിട്ടുള്ളതുപോലെ ഒരു കൂട്ടബലാല്‍സംഗക്കൊല മാത്രമാണത്.
മറിച്ച്, അതൊരു രാഷ്ട്രീയക്കൊലയാവുമ്പോള്‍ വംശഹത്യാ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയുടെ പൂന്തോട്ടത്തില്‍ നിന്നുള്ള ഈ വിലാപകാവ്യം ഒരു കൈപ്പുസ്തകമാവേണ്ടതാണ്. കാരണം, രക്തം മരവിപ്പിക്കുന്ന വംശഹത്യാ ചരിത്രങ്ങളുടെ എല്ലാ  സാരാംശ ലക്ഷണങ്ങളും ഇതിലുണ്ട്. സൈനബ് അന്‍സാരിയുടെ ഘാതകനു ലാഹോര്‍ കോടതി നാലു വധശിക്ഷ ഒരുമിച്ചു വിധിക്കുമ്പോള്‍, കഠ്‌വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലുമാവാതെ നമ്മുടെ രാജ്യത്തെ കേസ് അന്വേഷണസംഘം ഹിന്ദുത്വഭീഷണിക്കു മുമ്പില്‍ മുട്ടുവിറച്ചുനില്‍ക്കുകയായിരുന്നു!
രാജ്യത്തെ നിയമവാഴ്ചയെ 'ജയ് ശ്രീരാം' വിളിയോടെ ആട്ടിപ്പായിച്ചത് ആ ബാറിലെ ഒരുകൂട്ടം അഭിഭാഷകര്‍ തന്നെയായിരുന്നുവെന്ന് സുപ്രിംകോടതിയെ ബോധിപ്പിച്ചത് ജമ്മു-കശ്മീര്‍ സര്‍ക്കാരിനു വേണ്ടി ഹജരായ അഡ്വ. ശുഐബ് ആലം തന്നെയായിരുന്നു. ആ ഭീഷണി എത്രത്തോളം ഭീകര യാഥാര്‍ഥ്യമാണെന്നു ബോധ്യപ്പെടുത്തുന്നതാണ് കേസ് കഠ്‌വ കോടതിയില്‍ നിന്നു പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്കു മാറ്റാന്‍ സുപ്രിംകോടതിക്കു തന്നെ ഉത്തരവിടേണ്ടിവന്നത്. ഇറ്റലിയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും മലയാളിയുമായ കെ പി ഫാബിയന്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നതപദവികളില്‍ നിന്നു വിരമിച്ച രാജ്യത്തെ 49 പ്രമുഖര്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തില്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം സ്വാതന്ത്ര്യാനന്തരം ഇന്ത്യ കടന്നുപോകുന്ന കറുത്തിരുണ്ട സമയമാണിതെന്ന മുന്നറിയിപ്പാണ്.
സൈനബ് അന്‍സാരി വധക്കേസില്‍ ഇംറാന്‍ അലി അറസ്റ്റിലായപ്പോള്‍ അവളുടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപം കെട്ടടങ്ങിയെങ്കില്‍ കഠ്‌വ കേസില്‍ പ്രതികള്‍ അറസ്റ്റിലായപ്പോഴാണ് ഇന്ത്യയില്‍ ഹിന്ദുത്വര്‍ കലാപം തുടങ്ങുന്നത്! പ്രതികള്‍ നിരപരാധികളാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് മാര്‍ച്ച് 4നു കഠ്‌വയില്‍ റാലി സംഘടിപ്പിച്ചപ്പോള്‍ രാജ്യം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന മന്ത്രിമാരായ ചന്ദര്‍പ്രകാശ് ഗംഗയും ചൗരിലാല്‍ സിങും അതിനു നേതൃത്വം നല്‍കി, പ്രക്ഷോഭകരെ അഭിസംബോധന ചെയ്തു.
ദേശീയ പതാക കൊണ്ട് മറച്ചുപിടിക്കാന്‍ ശ്രമിച്ചിട്ടും പകല്‍വെട്ടത്ത് പ്രതികളെ എത്തിച്ചത് രാജ്യത്തെ നിയമപാലനത്തിന്റെ സുതാര്യതയും സത്യസന്ധതയും ശക്തിയുമല്ലേ എന്നു ചോദിച്ചാല്‍ ആ പെണ്‍കുട്ടിയുടെ അമ്മ മുഖത്ത് കാര്‍ക്കിച്ചു തുപ്പും. മനുഷ്യത്വം നശിച്ചിട്ടില്ലാത്ത മൂന്നേമൂന്നു പേരുടെ ജാഗ്രത മാത്രമാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നതെന്ന സത്യം മറ്റാരേക്കാളും അറിയുന്ന ഒരാള്‍ ആ അമ്മയാണല്ലോ. ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ട നാസിര്‍ മസ്ഊദിയെന്ന മാധ്യമപ്രവര്‍ത്തകന്‍, താനും ബലാല്‍സംഗം ചെയ്യപ്പെട്ടേക്കാമെന്നും കൊല്ലപ്പെട്ടേക്കാമെന്നും പറയുന്ന ദീപിക സിങ് എന്ന അഭിഭാഷക, സത്യസന്ധനായ കൈംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേശ് കുമാര്‍ എന്നിവരാണ് ഇന്ത്യയില്‍ മനുഷ്യത്വത്തെക്കുറിച്ചു ചില പ്രതീക്ഷകള്‍ നല്‍കുന്ന ആ മൂന്നു പേര്‍.
കൂട്ടവംശഹത്യകളോളം പോന്ന മുന്‍കൂട്ടി തയ്യാറെടുപ്പും പദ്ധതിയും ലക്ഷ്യവും കഠ്‌വ സംഭവത്തിനു പിന്നില്‍ ഉണ്ടായിരുന്നുവെന്ന് കുറ്റപത്രം തന്നെ സാക്ഷ്യം പറയുന്നുണ്ട്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട 13 കുടുംബങ്ങള്‍ താമസിക്കുന്ന രസാനയില്‍ സ്ഥലം വാങ്ങി വീടു വയ്ക്കാന്‍ ശ്രമിച്ച 20 ബകര്‍വാല കുടുംബങ്ങളെ പേടിപ്പിച്ച് ഓടിക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു അത്. എതിര്‍വംശത്തിന്റെ ജീവിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ അംഗങ്ങളെ കൊന്ന് ഭീഷണിപ്പെടുത്തുകയെന്ന വംശഹത്യയുടെ പ്രഖ്യാപിത ലക്ഷണത്തെ വ്യാഖ്യാനിക്കുന്നതു തന്നെയായിരുന്നു ആ പദ്ധതി.
ക്ഷേത്രനടത്തിപ്പുകാരനും പൂജാരിയുമായ മുഖ്യപ്രതി സഞ്ജിറാമും മകനും അനന്തിരവനുമടങ്ങുന്ന കൂട്ടുപ്രതികള്‍ ആ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിന്റെ പ്രാര്‍ഥനാ മുറിയില്‍ നാലു നാള്‍ മയക്കിക്കിടത്തി മാറിമാറി ബലാല്‍സംഗം ചെയ്യുന്നതിനു മുമ്പ് ചില പൂജാകര്‍മങ്ങള്‍ ചെയ്തിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ അതൊരു ബലാല്‍സംഗത്തിനപ്പുറം അവര്‍ക്ക് വംശീയമായ ഒരു അനുഷ്ഠാനമാവുകയായിരുന്നു.
മാനുഷികമായ എല്ലാ മൂല്യങ്ങളും സ്വയം നഷ്ടപ്പെടുത്തിയ ഒരു വംശം ഇരയുടെ വംശമൂല്യങ്ങളെ ഇല്ലാതാക്കാന്‍ നടത്തുന്ന അധിനിവേശങ്ങളില്‍ ആഭിചാരക്രിയകള്‍ക്കും നിഗൂഢപൂജകള്‍ക്കും ക്ഷുദ്രകര്‍മങ്ങള്‍ക്കുമെല്ലാം ചില സ്ഥാനങ്ങളുണ്ട്. ഏത് ഉത്തരാധുനിക ജനാധിപത്യ യുഗത്തിലും വംശീയവാദ ഭരണകൂടങ്ങള്‍ അതിനുള്ള ഇടം ഒഴിച്ചിട്ടിട്ടുണ്ട്. ബ്രാഹ്മണ്യത്തിന്റെ അനുഗ്രഹാശിസ്സുകളോടെയും സര്‍വൈശ്വര്യപൂജാദി ഹോമങ്ങളോടെയും പുണ്യനദിയില്‍ പാലൊഴുക്കിയും പാര്‍ലമെന്റിന്റെ പടി തൊട്ടുതൊഴുതും നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിലേറിയപ്പോള്‍ പുതിയൊരു ഇന്ത്യയെ സ്വപ്‌നം കണ്ട ആരെങ്കിലും കരുതിയിരിക്കുമോ പ്രഖ്യാപിത മതേതരത്വത്തിന്റെ ശ്രീകോവിലിനുമപ്പുറം ഹിന്ദുത്വത്തിന് ഇത്തരം പൂജകള്‍ നടത്താനുള്ള ചുറ്റമ്പലങ്ങളും ഉപക്ഷേത്രങ്ങളുമുണ്ടെന്ന്?
കഠ്‌വ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന മറ്റൊരു യാഥാര്‍ഥ്യവുമായി വംശഹത്യയുടെ ഈ ലക്ഷണങ്ങളെ കൂട്ടിവായിക്കേണ്ടതുണ്ട്. ബാലികയെ ആദ്യം പീഡിപ്പിച്ച പ്രായപൂര്‍ത്തിയാവാത്ത പ്രതിയെക്കുറിച്ചുള്ളതാണത്. ആ 15കാരന്‍ മുസ്‌ലിംകളോട് അടങ്ങാത്ത പക വച്ചുപുലര്‍ത്തുന്ന വ്യക്തിയാണത്രേ! മേഖലയിലെ വിവിധ മുസ്‌ലിം വിഭാഗങ്ങളുടെ വളര്‍ച്ചയില്‍ കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്ന ആ ബാലന്‍ ഏതുവിധേനയും മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ ആഗ്രഹിച്ചിരുന്നു! അങ്ങനെയെങ്കില്‍ പ്രതികള്‍ക്കു വേണ്ടി ദേശീയ പതാകയുമേന്തി തെരുവിലിറങ്ങി 'ജയ് ശ്രീരാം' വിളിയോടെ പ്രക്ഷോഭം നടത്തുന്ന മന്ത്രിമാര്‍ പുതിയ തലമുറയെ എന്താണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്?
ഊട്ടിയില്‍ പട്ടിയെ പോറ്റും പോലെയാണ് ഹിന്ദുത്വം അതിന്റെ സന്തതിപരമ്പരകളെ പോറ്റിയെടുക്കുന്നതെന്നു പറയാറുണ്ട്. ഒരു കുഴി കുഴിച്ച് അതിലിട്ടാണ് വളര്‍ത്തുക. ഭക്ഷണവും വെള്ളവും കൊടുക്കുന്ന ആളെ മാത്രമേ പട്ടിക്കു പരിചയമുണ്ടാവൂ. വളരുമ്പോഴാണ് എടുത്തു കരയ്ക്കു വയ്ക്കുക. പിന്നെ കണ്ണില്‍ കാണുന്നവരെയെല്ലാം കടിക്കാന്‍ മാത്രമേ അതിനറിയൂ. അതുകൊണ്ടാണല്ലോ ഇങ്ങ് സാക്ഷരകേരളത്തിലിരുന്ന് ഒരു യുവാവ് 'അവളെ കൊന്നതു നന്നായി, അല്ലെങ്കില്‍ വളരുമ്പോള്‍ ബോംബായി വന്നേനെ' എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അയാളെ സംബന്ധിച്ച് തന്റെ പിതാവിനു സ്ത്രീധനം കിട്ടിയതിലപ്പുറം ഒന്നുമല്ല ഇന്ത്യയെന്നതില്‍ പിന്നെ അദ്ഭുതമെന്താണ്?
ഇന്ത്യന്‍ ഭരണഘടന ജന്മാവകാശം തന്ന മതേതരത്വത്തിന്റെ ഉമ്മറത്തിരുന്ന്, മുന്നിലെ വഴിയിലൂടെ രാവിലെ സ്‌കൂളിലേക്കു പോയ തട്ടമിട്ട ഏതോ ഒരു പെണ്‍കുട്ടി തിരിച്ചുപോവുന്നതു കാണാത്തതെന്താവുമെന്ന് ആരോ ഒരാള്‍ ഭയക്കുന്നുണ്ട്. ഭയം വിഭ്രാന്തിയായി മാറുമ്പോള്‍ കഠ്‌വയിലെ ആ ക്ഷേത്രമുറ്റത്തെ ഒരു പുല്‍ക്കൊടി സ്വന്തം കൈപ്പടയില്‍ ഇന്ത്യയുടെ ആകാശത്ത് ഒരു കഥയെഴുതുന്നത് അയാള്‍ക്കു കാണാനാവും. ആ കഥ ഇങ്ങനെ തുടങ്ങുന്നു:
തലയോട്ടി തകര്‍ന്ന് തള്ളിപ്പോയ കണ്ണുകളും നെടുകെ പിളര്‍ന്നു ചുടുചോര ഇറ്റുന്ന ശരീരവുമായി വലിയവായില്‍ നിലവിളിച്ചു സ്വര്‍ഗകവാടത്തില്‍ ചെന്നുനിന്നപ്പോള്‍ ആ എട്ടു വയസ്സുകാരിയെ ആദ്യം ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍, ഒരു 16കാരന്‍ തീവണ്ടിവേഗത്തില്‍ ഓടിവന്ന് അവളുടെ കൈപിടിച്ചുനിന്നു കിതച്ചപ്പോള്‍ 'ഓ ജുനൈദേ, ഇതു നിന്റെ പെങ്ങളോ' എന്ന് ഗബ്രിയേല്‍ മാലാഖ പോലും നിലവിളിച്ചുപോയിട്ടുണ്ടാവണം! പണ്ട് 16ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളക്കരയിലെ ഒരു കടലോര ഗ്രാമത്തില്‍ നിന്നു പോര്‍ച്ചുഗീസ് പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി വെള്ളിയാങ്കല്ല് കടല്‍ത്തുരുത്തിലിട്ട് ആള്‍ ഊഴംവച്ചു ഭോഗിച്ചു കൊന്ന് വെട്ടിനുറുക്കി കടലിലെറിഞ്ഞ ആയിശ തേങ്ങലടക്കിപ്പിടിച്ച് രണ്ടു പേരെയും സമാശ്വസിപ്പിക്കാന്‍ പാടുപെട്ടിട്ടുണ്ടാവണം.
ആ വേദന പങ്കിടാന്‍ പൂഞ്ചിലെയും നെല്ലിയിലെയും ഗോധ്രയിലെയും നരോദാപാട്യയിലെയും മാത്രമല്ല, മ്യാന്‍മറിലെയും അങ്ങ് ഫലസ്തീനിലെയും വരെ കാലം മണ്ണുമാടിപ്പോയ കോടിക്കണക്കിനു മീസാന്‍ കല്ലുകള്‍ പിളര്‍ന്നുവരുന്ന ഒരു വംശാവലിയുടെ ഉണ്‍മ തന്നെ അവരെ ചൂഴ്ന്നുനിന്നു വിലപിച്ചിട്ടുണ്ടാവണം. ഒരേ കാരണത്താല്‍ കൊല്ലപ്പെട്ട ബന്ധുക്കളായ ഇവരോളം വരില്ല അതേ കാരണത്താല്‍ ഏതു നേരവും കൊല്ലപ്പെടാവുന്ന ഭൂമിയില്‍ ശേഷിക്കുന്ന ഇവരുടെ വംശക്കാര്‍.           ി

(അവസാനിച്ചു.)
Next Story

RELATED STORIES

Share it