Flash News

വംശശുദ്ധിക്കായി ഗര്‍ഭ സംസ്‌കാര്‍ പദ്ധതിയുമായി സംഘപരിവാരം

വംശശുദ്ധിക്കായി  ഗര്‍ഭ സംസ്‌കാര്‍ പദ്ധതിയുമായി  സംഘപരിവാരം
X


പി വി വേണുഗോപാല്‍

ആലപ്പുഴ: നാസി ജര്‍മനിയുടെ പാത പിന്‍തുടര്‍ന്ന് ദേശവ്യാപകമായി വംശശുദ്ധീകരണ നടപടികളുമായി സംഘപരിവാരം. ഉയരവും ബുദ്ധിശക്തിയും കുറഞ്ഞവരും കറുത്തവരുമായ മാതാപിതാക്കള്‍ക്ക് നല്ല നിറവും പൊക്കവും ബുദ്ധിയുമുള്ള കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള പരിശീലനമാണു ഗര്‍ഭസംസ്‌കാര്‍. ആരോഗ്യ ഭാരതിയാണു പദ്ധതി സംഘടിപ്പിക്കുന്നത്. സംഘപരിവാരത്തിന്റെ ആരോഗ്യ വിഭാഗമാണ് ആരോഗ്യ ഭാരതി.ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല അധ്യാപകന്‍ ഡോ. കൃഷ്മ നര്‍വിനാണ് ഗര്‍ഭസംസ്‌കാര്‍ പരിശീലന പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലായിരുന്നു പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. കേരളത്തില്‍ കാസര്‍കോട് അടക്കമുള്ളിടത്ത് ഇതിനോടകം പരിശീലന പരിപാടികള്‍ നടന്നുകഴിഞ്ഞതായാണു വിവരം. അടുത്തഘട്ടമായി കൊല്‍ക്കത്തയില്‍ പരിശീലനം നടത്താനുള്ള ശ്രമത്തിലാണു സംഘപരിവാരം. 50ഓളം ദമ്പതികള്‍ ഇതിനോടകം പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പേരുചേര്‍ത്തുകഴിഞ്ഞത്രേ. എന്നാല്‍ ഇതിനെതിരേ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാന്‍  കോടതിയെ സമീപിച്ചു. ഗര്‍ഭസംസ്‌കാര്‍ പരിശീലനത്തിനു യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും ആരോഗ്യഭാരതി ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തന്റെ പൊതുതാല്‍പര്യ ഹരജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സലിങിന്റെ ശാസ്ത്രീയത വ്യക്തമാക്കണമെന്നും തെളിവു നല്‍കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പരിശീലന പരിപാടി തടയാന്‍ കോടതി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഗര്‍ഭ സംസ്‌കാര്‍ എന്ന പദ്ധതി പ്രാചീന ഭാരതത്തില്‍ നടന്നിരുന്നതാണെന്നും ഇതിന്റെ പുനരാവിഷ്‌കാരമാണു കൊല്‍ക്കത്തയില്‍ നടക്കാന്‍ പോവുന്നതെന്നുമാണ് ആരോഗ്യ ഭാരതിയുടെ വിശദീകരണം. 2020 ആവുമ്പോഴേക്കും രാജ്യത്ത് ആയിരക്കണക്കിന് ഉത്തമ സന്താനങ്ങള്‍ എന്ന ലക്ഷ്യവുമായാണു പദ്ധതി നടപ്പാക്കുന്നതെന്നും കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാനാണ് പദ്ധതിയെന്നും സംഘടന അവകാശപ്പെടുന്നു. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ജര്‍മനിയില്‍ നടത്തിയ വംശശുദ്ധീകരണ നടപടികളാണ് തങ്ങള്‍ക്കു പ്രചോദനമായതെന്നും ഗര്‍ഭസംസ്‌കാര്‍ സംഘാടകര്‍ മറയില്ലാതെ വെളിപ്പെടുത്തുന്നുമുണ്ട്. ജര്‍മന്‍ ആര്യവംശത്തിന്റെ പുരോഗതിക്കും വംശശുദ്ധിക്കും വേണ്ടി ഇതര ജനവിഭാഗങ്ങളുടെ ഉന്മൂലനത്തെ ദേശീയ നയമായി പരസ്യമായി പ്രഖ്യാപിച്ച നാസിസത്തെ പിന്‍പറ്റുന്ന പുതിയ നീക്കം സംഘപരിവാരം കൂടുതല്‍ ഹിംസാത്മകമാകുന്നുവെന്നതിന്റെ അടയാളമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്്.
Next Story

RELATED STORIES

Share it