wayanad local

വംശനാശം നേരിട്ടെന്നു കരുതിയ കുരുമുളക് ചെടികള്‍ കണ്ടെത്തി

കല്‍പ്പറ്റ: വംശനാശം സംഭവിച്ചുവെന്ന് കര്‍ഷകരും കാര്‍ഷിക വിദഗ്ധരും കരുതിയിരുന്ന കുതിരവാലി ഇനം കുരുമുളക് ചെടികള്‍ കണ്ടെത്തി. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നാടന്‍ കുരുമുളക് സംരംക്ഷണ പദ്ധതിയുടെ ഭാഗമായി ബോട്ടണിസ്റ്റ് കെ എം ബിജു നടത്തിയ കൃഷിസ്ഥല പരിശോധനയിലാണ് കുതിരവാലി ഇനത്തില്‍പ്പെട്ട അഞ്ചു ചെടികള്‍ തിരിച്ചറിഞ്ഞത്. ചെടികളിലൊന്ന് വടക്കേ വയനാട്ടിലെ തൊണ്ടര്‍നാട് എടമുണ്ട കുറിച്യ തറവാട് വളപ്പിലും നാലെണ്ണം വാളാട് എടത്തന തറവാട് വളപ്പിലുമാണ് കണ്ടെത്തിയത്. രോഗപ്രതിരോധശേഷിയും ഉല്‍പാദനക്ഷമതയും കൂടുതലുള്ളതാണ്   കുതിരവാലി കുരുമുളക്. പതിറ്റാണ്ടുകള്‍ മുമ്പുവരെ ഈയിനം കുരുമുളക് വള്ളികള്‍ തോട്ടത്തില്‍ ധാരാളമുണ്ടായിരുന്നുവെന്നും ഇത് അപൂര്‍വയിനത്തില്‍പ്പെട്ട കുതിരവാലിയാണെന്ന് അറിയുമായിരുന്നില്ലെന്ന് എടത്തന തറവാട്ടിലെ ചന്തു പറഞ്ഞു. വാലന്‍കോട്ട, അറയ്ക്കമുണ്ടി, ഐന്‍പിരിയന്‍, കരിങ്കോട്ട തുടങ്ങി പതിനഞ്ചോളം നാടന്‍ കുരുമുളക് ഇനങ്ങള്‍ തങ്ങള്‍ സംരക്ഷിച്ചുപോരുന്നുണ്ടെന്നും ചന്തു പറഞ്ഞു. ഓലിയോ റൈസിന്‍, പെപ്പറിന്‍ എന്നിവ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുതിരവാലി സവിശേഷയിനം കുരുമുളകാണെന്നു ബിജു പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 70ഓളം ഇനം കുരുമുളക് ചെടികളാണ് ബിജു ഇതിനകം കണ്ടെത്തിയത്. നൂറിലധികം നാടന്‍ കുരുമുളകിനങ്ങളാണ് വയനാട്ടിലുണ്ടായിരുന്നത്. നാടന്‍ ഇനങ്ങളുടെ ജീന്‍പൂള്‍ സംരംക്ഷിക്കുക വഴി ഭാവിയില്‍ പുതിയ ഇനങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് ബിജു അഭിപ്രായപ്പെട്ടു. വനത്തോട് ചേര്‍ന്ന കൃഷിയിടങ്ങളിലും ആദിവാസി വിഭാഗക്കാരുടെ   തോട്ടങ്ങളിലും വിവിധയിനം കുരുമുളക് ചെടികളുണ്ട്. ഇവയില്‍ പലതിനും പ്രത്യേകം പേര്  ഇല്ലാത്തതിനാല്‍ വന്യഇനം എന്നാണ് അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it