kannur local

മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനം: കോര്‍പറേഷന്‍ അംഗീകാരം നല്‍കി

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനം വരുന്നു. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്റെ അടിയന്തര കൗണ്‍സില്‍ യോഗം മൂന്നിടങ്ങളിലായി ആധുനിക പാര്‍ക്കിങ് സംവിധാനം ഒരുക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍പ്പെടുത്തി 9. 30 കോടി രൂപ ഇതിനായി വിനിയോഗിക്കും. കിറ്റ്‌കോയ്ക്കാണ് നിര്‍വഹണ ചുമതല. കണ്ണൂര്‍ സ്‌റ്റേഡിയം പരിസരം, ഫോര്‍ട്ട് റോഡിലെ പീതാംബര പാര്‍ക്ക്, താളിക്കാവ് എന്നിവിടങ്ങളിലാണ് പാര്‍ക്കിങിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്റ്റേഡിയം പരിസരത്തെ പാര്‍ങിങിന് 5.   76 കോടിയും മറ്റു രണ്ടിടങ്ങളിലെ പാര്‍ക്കിങിന് 3 .   54 കോടി രൂപയും വിനിയോഗിക്കും. സാധാരണ ഗതിയില്‍ ആറു കാറുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് 31 കാറുകള്‍ക്ക് സൗകര്യം ഒരുക്കുന്നതാണ് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് രീതി. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റ്‌കോ ഈ സംവിധാനം ഒരുക്കുന്നത്. നിലവില്‍ നഗരത്തില്‍ പലയിടത്തും ശരാശരി ഒരു മണിക്കൂറില്‍ 150 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരമാണ് കോര്‍പറേഷനു കീഴിലെ മൂന്നു വ്യത്യസ്ത സ്ഥലങ്ങള്‍ പദ്ധതിക്കായി തിരഞ്ഞെടുത്തത്.
പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ ദൂരം നടന്നുവരാന്‍ പാകത്തിലായിരിക്കും സൗകര്യം ഒരുക്കുക. പ്രത്യേക അളവുക്രമത്തില്‍ ക്രമീകരിക്കുന്ന കാറുകള്‍, അതിലെ യാത്രക്കാരെല്ലാം ഇറങ്ങിവന്നതിനു ശേഷം മാത്രമേ യഥാസ്ഥാനത്ത് പാര്‍ക്ക് ചെയ്യാനാകൂ എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
കാറില്‍ ആളുകളുണ്ടെങ്കില്‍ അവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടും. നിലവില്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് 110 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേഷന് അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it