ലൗ ജിഹാദ്‌; സംഘപരിവാരവും ബിജെപിയും മാപ്പ് പറയണം: എസ്ഡിപിഐ

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വ്യാജവും കെട്ടിച്ചമച്ചതുമായ ലൗജിഹാദ് കഥകള്‍ പ്രചരിപ്പിച്ച സംഘപരിവാരവും ബിജെപിയും ജനങ്ങളോട് മാപ്പ് പറയണമെന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ്. സാമൂഹിക സൗഹാര്‍ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഒരുവിഭാഗം അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ സംഘപരിവാരവുമായി കൈകോര്‍ത്ത് വ്യവസ്ഥാപിതമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്.
ലൗജിഹാദിന്റെ പേരില്‍ ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു മാധ്യമങ്ങള്‍ സംഘപരിവാരവുമായി ചേര്‍ന്നു ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലൗ ജിഹാദിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ അടുത്തിടെയുണ്ടായ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതംമാറ്റങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിനു തെളിവില്ലെന്നു സംഘപരിവാരം കെട്ടിച്ചമച്ച ലൗ ജിഹാദ് പ്രചാരണവുമായി ബന്ധപ്പെട്ട എന്‍ഐഎയുടെ അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചു കോടതിയില്‍ റിപോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.
ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണു പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്നു കണ്ടെത്തിയെങ്കിലും അതു നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നതിനു തെളിവില്ല. പെണ്‍കുട്ടികളെ കാണാതായതടക്കം 11 കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യ തെളിവുകളോ എന്‍ഐഎക്കു ലഭിച്ചില്ല. രാജ്യത്ത് ഏതു മതം സ്വീകരിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു.
മൊത്തം 89 മിശ്രവിവാഹ കേസുകളില്‍ നിന്നാണ് ഈ 11 എണ്ണം എന്‍ഐഎ തിരഞ്ഞെടുത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിനു തെളിവു ലഭിക്കാത്ത സാഹചര്യത്തില്‍ ഹാദിയക്കേസ് അവസാനിപ്പിക്കുകയാണെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സുപ്രിംകോടതി അംഗീകരിച്ചതും എന്‍ഐഎ മുഖവിലയ്‌ക്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it