Flash News

ലൗഡെയില്‍ റിസോര്‍ട്ട് ഭൂമി ആറു മാസത്തിനകം ഒഴിയണം : ഹൈക്കോടതി



കൊച്ചി: കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ ലൗഡെയില്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന 22 സെന്റ് ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ ഹൈക്കോടതി ആറുമാസം സമയം അനുവദിച്ചു. കൈയേറ്റ ഭൂമിയെന്നും അനധികൃത കൈമാറ്റമെന്നുമുള്ള പേരില്‍ ഈ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള റവന്യൂ അധികൃതരുടെ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ വി വി ജോര്‍ജ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. 2018 മാര്‍ച്ച് 31ഓടെ കെട്ടിടം ഒഴിഞ്ഞ് ഭൂമി സഹിതം സര്‍ക്കാരിനു കൈമാറാനാണു ഹരജിക്കാരോടു കോടതി നിര്‍ദേശിച്ചിട്ടുള്ളത്. വിനോദസഞ്ചാര സീസണ്‍ കഴിയുന്നതു വരെ എന്ന നിലയിലാണ് ഇത്രയും സമയം അനുവദിച്ചത്. സമയബന്ധിതമായി ഒഴിഞ്ഞില്ലെങ്കില്‍ ഹരജിക്കാര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അനധികൃതമായി കൈയേറിയ ഭൂമി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു റവന്യൂ അധികൃതര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്താണു ഹരജിക്കാരന്‍ ആദ്യം സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. റവന്യൂ ഉത്തരവില്‍ ഇടപെടാതിരുന്ന കോടതി ഒരു മാസത്തിനകം ഒഴിയണമെന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. 113 കുത്തകപ്പാട്ട കരാറുകാരുടെ കാര്യത്തില്‍ പരിശോധന നടത്തി അവരുടെ കൈയേറ്റത്തിനു സാധുത നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തി ല്‍ നടന്ന യോഗത്തിന്റെ തീരുമാനം തങ്ങള്‍ക്കും ബാധകമാക്കണമെന്ന ആവശ്യം അപ്പീല്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഭൂപ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായാണു 113 പേരുടെ കൈയേറ്റവുമായി ബന്ധപ്പെട്ടുള്ള തീരുമാനമെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it