Flash News

ലൗജിഹാദ് വാദം കള്ളമെന്ന് പെണ്‍കുട്ടി

ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ സഹായത്തോടെ സംഘപരിവാരം പടച്ചുവിട്ട‘ലൗജിഹാദ്’ ആരോപിച്ച് രാജസ്ഥാനില്‍ മുസ്‌ലിം മധ്യവയസ്‌കനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ചുട്ടുകൊന്നത് തന്നെ രക്ഷിക്കാനായിരുന്നുവെന്ന അക്രമിയുടെ വാദം നിഷേധിച്ച് യുവതി. തനിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും ശംഭുലാല്‍ റെഗറുമായി രാഖി കെട്ടിയ ബന്ധം മാത്രമാണുള്ളതെന്നും 20കാരി വ്യക്തമാക്കി. ഹിന്ദു സഹോദരിയെ ലൗജിഹാദില്‍ നിന്നും രക്ഷിക്കാനാണ് അഫ്‌റാസുല്‍ എന്ന 50കാരനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍, കൊല്ലപ്പെട്ട അഫ്‌റാസുലിനെ അറിയില്ലെന്നും 2010ല്‍ താന്‍ പഞ്ചിമബംഗാളിലെ മാള്‍ഡയില്‍ പോയിരുന്നെന്നും മുഹമ്മദ് ബബ്ലു ശെയ്‌ഖെന്ന മറ്റൊരാളുടെ കൂടെയാണു പോയതെന്നും യുവതി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തങ്ങള്‍ ഒരുമിച്ച് താമസിച്ചെന്നും 2013ല്‍ സ്വന്തം ഇഷ്ടപ്രകാരം രാജസ്ഥാനിലേക്ക് തിരികെ പോരുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്. തന്നെ തിരികെ കൊണ്ടുവന്നത് ശംഭുലാല്‍ റെഗറാണെന്ന അദ്ദേഹത്തിന്റെ വാദവും യുവതി തള്ളി. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതും തിരികെ വന്നതെന്നും പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ യുവതി വ്യക്തമാക്കി. താന്‍കാരണമാണ് അഫ്‌റാസുല്‍ കൊല്ലപ്പെട്ടതെന്നത് തെറ്റാണ്. മാള്‍ഡയില്‍ എത്തി കുറച്ചു ദിവസങ്ങള്‍ക്കു ശേഷം റെഗര്‍ സ്വയം താല്‍പര്യമെടുത്ത് തന്നെ തിരികെ കൊണ്ടുവരാന്‍ മാള്‍ഡയില്‍ വന്നിരുന്നു. ഇതിനായി തന്റെ അമ്മയില്‍ നിന്ന് 10,000 രൂപ വാങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അയാളുടെ കൂടെ പോരാന്‍ താന്‍ തയ്യാറായില്ല. അദ്ദേഹം തന്നെ രക്ഷിക്കുകയായിരുന്നില്ല. താനിപ്പോള്‍ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നതെന്നും യുവതി പറഞ്ഞു. തന്റെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘപരിവാര സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് റെഗറെന്ന് രാജ്‌സമന്ദില്‍ ജിംനേഷ്യം നടത്തുന്ന നിതേഷ് മാലി പറഞ്ഞു. തന്റെ സഹോദരന്‍ മാര്‍ബിള്‍ ബിസിനസ് നടത്തിവരികയായിരുന്നുവെന്നും അദ്ദേഹം എന്തിന് ഈ ക്രൂരകൃത്യം ചെയ്തുവെന്ന് അറിയില്ലെന്നും റെഗറിന്റെ ഇളയ സഹോദരന്‍ നിര്‍മല്‍ റെഗര്‍ പറഞ്ഞു. രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതിനു ശേഷമാണ് റെഗറിന്റെ മാര്‍ബിള്‍ ബിസിനസ് അടച്ചുപൂട്ടിയതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it