Flash News

ലോ അക്കാദമി യൂനിറ്റ് സെക്രട്ടറിയെ എഐഎസ്എഫ് പുറത്താക്കി



തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവില്‍ യൂനിറ്റ് സെക്രട്ടറി വിവേകിനെ എഐഎസ്എഫ് പുറത്താക്കി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി ലക്ഷ്മി നായര്‍ക്കെതിരേ നല്‍കിയ പരാതി സംഘടനയുടെ അറിവില്ലാതെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടു നല്‍കിയിരുന്ന പരാതി സംഘടനയുമായി ആലോചിക്കാതെ പിന്‍വലിക്കുകയും —മാധ്യമങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുംവിധം പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിനാണ് അക്കാദമി യൂനിറ്റ് സെക്രട്ടറി വിവേകിനെ പുറത്താക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ആര്‍ എസ് രാഹുലും സെക്രട്ടറി അല്‍ജിഹാനും അറിയിച്ചു. എന്നാല്‍, തന്നെ പുറത്താക്കിയതല്ലെന്നും താന്‍ രാജിവച്ചതാണെന്നും വിവേക് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി നായര്‍ക്കെതിരായ പരാതി വിവേക് പിന്‍വലിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുമതിയോടെയാണ് പരാതി പിന്‍വലിച്ചതെന്നും കേസ് നടത്തിപ്പില്‍ സംഘടന കൂടെനിന്നില്ലെന്നും വിവേക് ആരോപിച്ചിരുന്നു. വിവേക് കേസ് പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹരജി തീര്‍പ്പാക്കുകയും ചെയ്തിരുന്നു. കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് വിവേകിന് സംഘടന കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നും സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി പരസ്യപ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനമെടുത്തത്.
Next Story

RELATED STORIES

Share it