Flash News

ലോ അക്കാദമി ഭൂമിയില്‍ വീണ്ടും നിര്‍മാണപ്രവര്‍ത്തനത്തിന് നീക്കം

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയുടെ വിവാദ ഭൂമിയില്‍ വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാനേജ്‌മെന്റ് തീരുമാനം. അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. കോളജിന്റെ കനകജൂബിലി സ്മാരകമായി ഓഡിറ്റോറിയം നിര്‍മിക്കാനാണ് പുതിയ തീരുമാനം. അക്കാദമിയുടെ ഭൂമി സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ഇതേവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. അതേസമയം, അക്കാദമിക്ക് നല്‍കിയ ഭൂമിയില്‍ അനധികൃത നിര്‍മാണം നടക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയ ഭൂമിയില്‍ മറ്റ് അനധികൃത നിര്‍മാണങ്ങള്‍ അക്കാദമി നടത്തിയെന്ന് റവന്യൂ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയെങ്കിലും ഇത് അട്ടിമറിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് തര്‍ക്കഭൂമിയില്‍ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മാനേജ്‌മെന്റ് മുന്നോട്ടു പോവുന്നത്. സര്‍ക്കാര്‍സ്ഥലം വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചിട്ടും തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന നിയമ സെക്രട്ടറിയുടെ റിപോര്‍ട്ട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സ്വീകരിച്ചിട്ടില്ല. അക്കാദമിക്ക് നല്‍കിയ സ്ഥലം ബാങ്കിനും ഹോട്ടലിനുമടക്കം നല്‍കിയിട്ടും ദുരുപയോഗം നടന്നിട്ടില്ലെന്ന് എങ്ങനെ കാണാനാവുമെന്നും  ഭൂമി വകമാറ്റി ഉപയോഗിച്ചതും കുറച്ചുഭാഗം വെറുതെയിട്ടിരിക്കുന്നതും വിലയിരുത്തി വ്യക്തമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി നിയമ സെക്രട്ടറിക്ക് ഫയല്‍ തിരിച്ചയച്ചത്.എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അന്വേഷണം നിര്‍മാണത്തെ ബാധിക്കില്ലെന്നാണ് നാരായണന്‍ നായര്‍ പറയുന്നത്. 1968ല്‍ അക്കാദമിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ സ്ഥലത്താണ് കോളജ് പ്രവര്‍ത്തിക്കുന്നത്. പിന്നീട് 1975ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ പാട്ടക്കാലാവധി 30 വര്‍ഷത്തേക്ക് പുതുക്കി നല്‍കി. തുടര്‍ന്ന് 1984ല്‍ അന്നത്തെ വിപണിവില തിട്ടപ്പെടുത്തി നിശ്ചയിച്ച തുക അക്കാദമി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക്ക് ഭൂമി പതിച്ചു നല്‍കുകയായിരുന്നു. ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ബോര്‍ഡ് അംഗത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അന്ന് ഭൂമി പതിച്ചു നല്‍കിയതെന്നും ഡയറക്ടര്‍ പറഞ്ഞു. അടുത്തിടെ ലോ അക്കാദമിക്കെതിരായി നടത്തിയ വിദ്യാര്‍ഥി സമരത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. അക്കാദമിയുടെ അഫിലിയേഷന്‍ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. ഇക്കാര്യങ്ങളിലെല്ലാം സര്‍വകലാശാല നടത്തുന്ന അന്വേഷണങ്ങളോട് അക്കാദമി മാനേജ്‌മെന്റ് സഹകരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയരുമ്പോഴും അക്കാദമി വിവാദ തീരുമാനവുമായി മുന്നോട്ടു പോവുകയാണ്.
Next Story

RELATED STORIES

Share it