ലോവര്‍ പെരിയാറില്‍ ഉല്‍പാദനം പുനരാരംഭിക്കുന്നു

സി എ സജീവന്‍

തൊടുപുഴ: പ്രളയത്തെ തുടര്‍ന്നു പ്രവര്‍ത്തനം നിലച്ച ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയുടെ തകരാറിനു പരിഹാരമാവുന്നു. ടണലിലും ജനറേറ്ററിലും വെള്ളം കയറിയതിനെ തുടര്‍ന്നാണു പവര്‍ഹൗസ് തകരാറിലായത്. അവ പൂര്‍ണമായി പരിഹരിച്ചതായി വൈദ്യുതി വകുപ്പു വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു പരീക്ഷണാര്‍ഥം ജനറേറ്ററുകളുടെ ട്രയല്‍ റണ്‍ നടത്തും. വിജയകരമായാല്‍ ചൊവ്വാഴ്ചയോടെ വൈദ്യുതി ഉല്‍പാദനം ആരംഭിക്കും. അറ്റകുറ്റപ്പണി തീര്‍ന്നതോടെ മാസങ്ങളായി തുറന്നു വച്ച ഷട്ടറുകള്‍ വെള്ളിയാഴ്ച രാത്രി അടച്ചു. ഇതോടെ ഡാമില്‍ വീണ്ടും വെള്ളം നിറച്ചുതുടങ്ങി.
മാറ്റി സ്ഥാപിച്ച പുതിയ ട്രാഷ് (ഇരുമ്പ് അരിപ്പ) റാക്ക് വഴി ടണലിലേക്ക് വെള്ളം നിറച്ചു തുടങ്ങി. ടണല്‍ നിറയാന്‍ 18 മണിക്കൂര്‍ വേണം. അതിനു ശേഷമായിരിക്കും പരീക്ഷണാര്‍ഥം ജനറേറ്ററുകള്‍ ഓടിക്കുക. ഇന്നലെ രാവിലെ 8.30 മുതല്‍ ആണ് വെള്ളം നിറയ്ക്കാന്‍ ആരംഭിച്ചത്.
രാവിലെ തന്നെ ജനറേറ്ററുകള്‍ ഓരോന്നായി പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിക്കും. തകരാറില്ലെന്ന് ഉറപ്പാക്കിയാല്‍ ഉല്‍പാദനം പുനരാരംഭിക്കും. ആറു മീറ്റര്‍ വ്യാസവും 12.75 കിലോമീറ്റര്‍ നീളവുമുള്ള ടണലും പിന്തുടര്‍ന്നുള്ള 570 മീറ്റര്‍ നീളത്തിലുള്ള പെന്‍സ്റ്റോക്ക് പൈപ്പുമാണു പദ്ധതിയുടെ ഭാഗമായുള്ളത്. കഴിഞ്ഞ 10 ദിവസമായി 24 മണിക്കൂറും പണിയെടുത്താണു ലോവര്‍ പെരിയാറിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തത്. രണ്ടു ദിവസത്തിനകം പൂര്‍ണതോതില്‍ ഉല്‍പാദനം പുനരാരംഭിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു കെഎസ്ഇബി ജനറേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ സിജി ജോസ് തേജസിനോട് പറഞ്ഞു.
എല്ലാ പണികളും തീര്‍ന്നുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തില്‍ കല്ലും മണ്ണും കയറി ട്രാഷ് റാക്ക് തകര്‍ന്നതിനെ തുടര്‍ന്ന് ആഗസ്ത് 14 നാണ് ലോവര്‍ പെരിയാറിലെ ഉല്‍പാദനം നിര്‍ത്തിയത്. ടണലിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതായി ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനീയര്‍ ബിബിന്‍ ജോസ് പറഞ്ഞു.

Next Story

RELATED STORIES

Share it