ലോവര്‍ പെരിയാര്‍: തകരാര്‍ പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം; ഉന്നത ഉദ്യോഗസ്ഥര്‍ നാളെ പവര്‍ഹൗസിലെത്തും

തൊടുപുഴ: ലോവര്‍ പെരിയാര്‍ പവര്‍ഹൗസ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള ജോലികള്‍ തുടരുന്നതിനിടെ വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നു. ടണലിലെ എയര്‍ബ്ലോക്കിനെ തുടര്‍ന്ന് ഇരുമ്പ് ഗ്രില്ല് തകര്‍ന്നാണ് പവര്‍ഹൗസിന്റെ ഉല്‍പാദനം നിലച്ചത്. ജനറേഷന്‍ വിഭാഗം ഡയറക്ടര്‍ എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
ഇന്നലെ ഡാം സേഫ്റ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുപ്രിയയും ടീമും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ടണലില്‍ കയറിയ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു നീക്കി. ഇനി ചളിയും മണ്ണുമെല്ലാം നീക്കം ചെയ്യേണ്ട ജോലി മാത്രമേ ബാക്കിയുള്ളു. പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ടണലില്‍ മാലിന്യവും ചളിയും കയറാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന ട്രാഷ് റാക്ക് തകര്‍ന്നതാണ് ലോവര്‍ പെരിയാറിലെ ഉല്‍പാദനം നിലയ്ക്കാന്‍ കാരണമായത്. ടണലില്‍ 600 മീറ്റര്‍ നീളത്തില്‍ ചളി അടിഞ്ഞിട്ടുണ്ട്. ചെറിയരീതിയില്‍ ചളി കയറിയെങ്കിലും ജനറേറ്ററിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് ജനറേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ സിജി ജോസ് തേജസിനോട് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ പണികള്‍ തീര്‍ത്ത് ഉല്‍പാദനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ക്കു മാത്രം കഷ്ടിച്ച് ഇറങ്ങിനില്‍ക്കാന്‍ കഴിയുന്ന ഗേറ്റ്‌വേയിലും ചളിയടിഞ്ഞുകിടക്കുന്നത് ജോലി സങ്കീര്‍ണമാക്കുന്നു. ശേഷിയില്‍ കേരളത്തിലെ നാലാമത്തെ ജലവൈദ്യുതപദ്ധതിയായ ലോവര്‍ പെരിയാര്‍ നിലച്ചതോടെ സംസ്ഥാനത്ത് കടുത്ത വൈദ്യുതിക്ഷാമമാണ് അനുഭവപ്പെടുന്നത്. 180 മെഗാവാട്ടാണ് പവര്‍ഹൗസിന്റെ ശേഷി.

Next Story

RELATED STORIES

Share it