ലോവര്‍ പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടു

തൊടുപുഴ: അറ്റകുറ്റപ്പണിയുടെ ഭാഗമായി ടണലിലെ ജലനിരപ്പ് കുറയ്ക്കാനായി ലോവര്‍ പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇന്നലെ രാവിലെ 11.30 മുതല്‍ വൈകീട്ട് 6 വരെ സെക്കന്‍ഡില്‍ 10,000 ലിറ്റര്‍ വെള്ളമാണ് ഭൂതത്താന്‍കെട്ടിലേക്ക് ഒഴുക്കിവിട്ടത്. ഇതു സംബന്ധിച്ച് ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിരുന്നു.
ടണലിനു മുന്നിലുള്ള ട്രാഷ് റാക്ക് (ഇരുമ്പ് അരിപ്പ) മാറ്റി സ്ഥാപിക്കുന്നതിനായി നിലവിലുള്ള ജലനിരപ്പ് 238ല്‍ നിന്ന് 229 അടിയിലേക്ക് താഴ്ത്തുന്നതിനായിരുന്നു ഈ നടപടി. ആഗസ്ത് 11ന് രാത്രി ടണലിലെ വായുകുമിളയുടെ ശക്തിയിലാണ് ട്രാഷ് റാക്ക് തകര്‍ന്നത്. ഒഴുകിയെത്തിയ ചളി അടിഞ്ഞതിനെ തുടര്‍ന്ന് ടണലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറച്ചു നേരത്തേക്ക് നിലയ്ക്കുകയും പിന്നീട് വെള്ളം എത്തിയപ്പോള്‍ വായു ശക്തമായി തിരിച്ചടിക്കുകയും ആയിരുന്നു. ഇത്തരത്തില്‍ വെള്ളവും തിരിച്ചുകയറി.
ഇതിന്റെ ശക്തിയിലാണ് 30 ടണ്‍ ഭാരമുള്ള ഇരുമ്പ് അരിപ്പ തകര്‍ന്നത്. ഷട്ടറിനും തകരാര്‍ പറ്റിയിരുന്നു. പിന്നീടും ഉല്‍പാദനം തുടര്‍ന്നതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയത്. ഇതോടെ ടണലില്‍ 600 മീറ്റര്‍ നീളത്തില്‍ വലിയ തോതില്‍ ചളിയും അടിഞ്ഞു. ഇതു നീക്കം ചെയ്തുവരുകയാണ്. ട്രാഷ് റാക്ക് പുനഃസ്ഥാപിച്ച് ഷട്ടറിന്റെ പണി കൂടി വേഗത്തില്‍ തീര്‍ക്കാനാണ് നീക്കം. കല്ലാര്‍കുട്ടി, ചെങ്കുളം, വെള്ളത്തൂവല്‍, പള്ളിവാസല്‍ പദ്ധതികളില്‍ നിന്നുള്ള വെള്ളം ലോവര്‍ പെരിയാറിലാണ് എത്തിച്ചേരുന്നത്. വൈദ്യുതി ഉപഭോഗം കൂടിയ സമയങ്ങളില്‍ ഇവ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നത് ലോവര്‍ പെരിയാറില്‍ ജലനിരപ്പ് കൂടുന്നതിനു കാരണമാകും. ഇതുമൂലം ഇന്നും വെള്ളം തുറന്നുവിടാന്‍ ഇടയുണ്ട്. അഞ്ചു ദിവസത്തിനകം പണി തീര്‍ത്ത് വൈദ്യുതോല്‍പാദനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it